ഇടുക്കി : വിനോദ സഞ്ചാരത്തിനെത്തി ഗവി കണ്ട് മടങ്ങിയ നാലംഗ കുടുംബം കാട്ടാനയുടെ മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ചങ്ങനാശേരി സ്വദേശികളായ നാലാംഗ സംഘം സഞ്ചരിച്ച കാറാണ് ഒറ്റയാന്‍റെ മുന്നിൽപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്‌ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
ചങ്ങനാശേരി സ്വദേശികളായ കുടുംബം ഗവി കഴിഞ്ഞ് വള്ളക്കടവിലേയ്ക്ക് വരുന്ന വഴിയിൽ ഐസി ടണൽ ഭാഗത്ത് വച്ചാണ് ഒറ്റയാനയുടെ മുന്നിൽപ്പെട്ടത്. കട്ടാനയെ കണ്ടയുടൻ തന്നെ ചങ്ങനാശ്ശേരി സ്വദേശിയായ യുവാവ് ധൈര്യം സംഭരിച്ച് കാർ റോഡിൽ തന്നെ നിർത്തി.
കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത കാട്ടന ഏറെ നേരം മുന്നിൽ തന്നെ നിന്നു. പിന്നീട് കാർ പുറകിലേയ്ക്ക് എടുത്തപ്പോൾ വീണ്ടും കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ധൈര്യം സംഭരിച്ച് കുടുംബം വീണ്ടും കാർ പിന്നോട്ട് എടുത്തു. കാട്ടാനയുടെ ആക്രമണത്തിൽ കാറിന്‍റെ മുൻഭാഗത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഏറെ നേരം റോഡിൽ നിന്ന കാട്ടാന പിന്നീട് കാട്ടിലേക്ക് മടങ്ങി. ജീവൻ തിരിച്ച് കിട്ടിയ ആശ്വാസത്തിൽ കുടുംബം വള്ളക്കടവ് ചെക്ക് പോസ്റ്റിൽ എത്തി. വള്ളക്കടവ് ചെക്ക് പോസ്റ്റിൽ വനപാലകരെ വിവരമറിയിച്ചതിന് ശേഷം കുടുംബം ചങ്ങനാശ്ശേരിയിലേക്ക് മടങ്ങുകയായിരുന്നു.