തിരുവനന്തപുരം : ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ ഓഫിസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ രാഷ്‌ട്രീയ ഗുഢാലോചന നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാന രഹിതം, കേസിലെ ഒന്നാം പ്രതി ബാസിതും, അഖിൽ സജീവും സാമ്പത്തിക ലാഭത്തിന് വേണ്ടി നടത്തിയ തടിപ്പ് മാത്രമാണ് കേസ് എന്നാണ് കുറ്റപത്രത്തിെലെ പ്രധാന കണ്ടെത്തൽ.
മലപ്പുറം സ്വദേശി ബാസിത്, അഭിഭാഷകനായ ലെനിൻ രാജ്, റെഗീസ്, അഖിൽ സജീവ് എന്നിവരാണ് കേസിലെ നാല് പ്രതികൾ. ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫിസറായി ഹോമിയോ വിഭാഗത്തിൽ നിയമനം വിഗ്‌ദാനം ചെയ്‌ത് പണം വാങ്ങിയെന്നാണ് കേസ്.
അഖിൽ സജീവിന് 75000 രൂപയും അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപയും നൽകിയെന്നായിരുന്നു ഹരിദാസിന്‍റെ ആരോപണം. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കെ പി ബാസിത്, ലെനിൻ രാജ്, റെഗീസ്, അഖിൽ സജീവ് എന്നിവർ ചേർന്ന് നടത്തിയ തട്ടിപ്പാണിതെന്ന് മനസിലായത് എന്നാണ് പൊലീസ് പറയുന്നത്. ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന് പണം നൽകിയിട്ടില്ലന്നും ഹരിദാസനിൽ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫിസിന്‍റെ പേര് പറഞ്ഞതെന്നും പ്രതി ബാസിത് പൊലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു.