തിരുവനന്തപുരം : പരിഷ്‌കരിച്ച ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനെതിരെ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ സമരം ശക്തമാക്കിയിരിക്കെ പരിഷ്‌കാരവുമായി മുന്നോട്ടു പോകാൻ ഗതാഗത വകുപ്പ്. ഇപ്പോൾ നടക്കുന്ന സമരം അനാവശ്യവും പൊതുജന താൽപര്യത്തിനെതിരും നിയമവിരുദ്ധവും കോടതി നിർദേശങ്ങൾക്കെതിരുമാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. സാധ്യമാകുന്ന പരമാവധി സ്ഥലങ്ങളിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഭൂമിയിലോ സന്നദ്ധത അറിയിക്കുന്ന സ്വകാര്യഭൂമിയിലോ ടെസ്റ്റിനുള്ള ഗ്രൗണ്ടുകൾ അടിയന്തരമായി സജ്ജമാക്കാൻ ആർടിഒമാർക്ക് നിർദേശം നൽകാൻ മന്ത്രി ആവശ്യപ്പെട്ടു.
ടെസ്റ്റിനുള്ള വാഹനം ലഭ്യമാകാത്ത സ്ഥലങ്ങളിൽ അവ വാടകയ്ക്ക് എടുത്ത് ടെസ്റ്റ് മുടക്കം കൂടാതെ നടത്തുന്നതിനും നിർദേശം നൽകി. സ്ലോട്ട് ലഭിച്ച് ടെസ്റ്റിന് എത്തുന്ന അപേക്ഷകരെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളിൽ തടസപ്പെടുത്തുന്നതും നിസാരകാരണങ്ങൾ പറഞ്ഞ് മടക്കി അയക്കുന്നതുമായുള്ള രീതി ചില ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
സ്ലോട്ട് അനുവദിച്ച് കിട്ടിയിട്ടുള്ളവർ അതാത് ദിവസം കൃത്യമായി ഹാജരാകണം. സ്ലോട്ടുകളിൽ പങ്കെടുക്കേണ്ടവർ ഹാജരാകാതിരുന്നാൽ അവർക്ക് പകരമായി തൊട്ടടുത്ത ദിവസങ്ങളിലെ സ്ലോട്ടിൽ നിന്നും സന്നദ്ധത അറിയിക്കുന്ന നിശ്ചിത എണ്ണം ആളുകളെ ഉൾപ്പെടുത്തി വെയ്റ്റിങ് ലിസ്റ്റ് തയ്യാറാക്കി ടെസ്റ്റ് നടത്തുന്നതിന് നിർദേശം നൽകി. യഥേഷ്‌ടം ലൈസൻസുകൾ വിതരണം ചെയ്‌ത് നിരത്തുകളെ ചോരക്കളമാക്കുന്ന പ്രവണത തുടരുന്നത് അനുവദിക്കാൻ ആകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഡ്രൈവിങ് ടെസ്റ്റ് കുറ്റമറ്റ നിലയിൽ നടത്തുന്നതിനായി സർക്കാർ കൈക്കൊള്ളുന്ന നടപടികളെ തടസപ്പെടുത്താനുള്ള ശ്രമങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണം. ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ പ്രധാന ആവശ്യം ദിനംപ്രതിയുള്ള ടെസ്റ്റ് സ്ലോട്ടുകളുടെ എണ്ണം വർധിപ്പിക്കുക എന്നതാണ്. ഇക്കാര്യത്തിൽ അനുവദിക്കാനാവുന്ന പരമാവധി എണ്ണം വർധിപ്പിച്ചു നൽകാനാണ് സർക്കാർ തയ്യാറായതെന്നും മന്ത്രി വ്യക്തമാക്കി.