വയനാട് : ചലച്ചിത്ര സംവിധായകനും മുന്‍ സൈനിക ഉദ്യോഗസ്ഥനുമായ മേജര്‍ രവിക്കെതിരെ പരാതി. സൈനിക യൂണിഫോമില്‍ വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനെതിരെയാണ് പരാതി. സൈനിക നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് മേജര്‍ രവി സൈനിക യൂണിഫോമിലെത്തിയത് എന്നാണ് പരാതി.
അനൗദ്യോഗിക സാഹചര്യങ്ങളില്‍ സൈനിക യൂണിഫോം ധരിക്കരുതെന്നാണ് ചട്ടം. ഇത്തരത്തിലുള്ള പ്രവര്‍ത്തനം സൈനിക പദവി ദുരുപയോഗം ചെയ്യലാണ്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കും പബ്ലിസിറ്റിക്കുമായാണ് മേജര്‍ രവി ഇത്തരത്തില്‍ യൂണിഫോമിലെത്തിയതെന്നാണ് പരാതിക്കാരന്‍റെ ആരോപണം. വിരമിച്ച സൈനികര്‍ക്ക് സൈനിക യൂണിഫോം ധരിക്കുന്നതിനും വിലക്കുണ്ട്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാട്ടിലുണ്ടായ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് മേജര്‍ രവി അവിടെയെത്തിയത്. നാട്ടുകാരനായ ഒരാളാണ് മേജര്‍ രവിക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. സ്ഥലത്തുള്ള യഥാര്‍ഥ സൈനികരുടെ അന്തസിനെ ഹനിക്കുന്ന നടപടിയാണിത്. പൊതുജനങ്ങളെ ഇതിലൂടെ തെറ്റിദ്ധരിപ്പിച്ചതായും പരാതിക്കാരന്‍ പറയുന്നു.
ചലച്ചിത്ര താരവും ടെറിട്ടോറില്‍ ആര്‍മിയുടെ ലഫ്റ്റനന്‍റ് കേണല്‍ പദവിയുമുള്ള മോഹന്‍ലാലും കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയിരുന്നു. ഇദ്ദേഹത്തോടൊപ്പമാണ് മേജര്‍ രവിയും വന്നത്. മോഹന്‍ലാല്‍ സന്ദര്‍ശന വേളയില്‍ സൈനിക യൂണിഫോമാണ് ധരിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ എന്‍ജിഒ മൂന്ന് കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും അറിയിച്ചിരുന്നു. സൈന്യവും വിവിധ സംഘടനകളും നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ മോഹന്‍ലാല്‍ അഭിനന്ദിച്ചു.
നേരത്തെ, വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. 'വയനാട് ദുരന്തബാധിതര്‍ക്ക് ആശ്വാസം പകരാന്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, എന്‍ഡിആര്‍എഫ്, സൈനികര്‍, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെയും നിസ്വാര്‍ഥതയേയും ഞാൻ സല്യൂട്ട് ചെയ്യുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിൽ മുൻപന്തിയിൽ നിന്ന എന്‍റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിന്‍റെ പ്രയത്നങ്ങൾക്കും നന്ദി. മുമ്പും നമ്മള്‍ വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാവുകയും ചെയ്‌തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഐക്യത്തിന്‍റെ ശക്തി കാട്ടാനും ഞാൻ ആഗ്രഹിക്കുന്നു. ജയ് ഹിന്ദ്.'- മോഹൻലാല്‍ എക്‌സില്‍ കുറിച്ചു.
ദുരന്തത്തില്‍ പൂര്‍ണമായി തകര്‍ന്ന വിദ്യാലയത്തെ പുനര്‍നിര്‍മിക്കാന്‍ മേജര്‍ രവിയും സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. മേജര്‍ രവി ദുരന്ത മേഖലയില്‍ നിന്ന് സെല്‍ഫിയെടുത്തതും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇത്തരമൊരു മേഖലയില്‍ നിന്ന് സെല്‍ഫിയെടുക്കുന്നത് ശരിയല്ലെന്ന് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടുന്നു. ജൂലൈ മുപ്പതിന് വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.
Also Read: വയനാട് ഉരുള്‍പൊട്ടല്‍: സുരേഷ് ഗോപി ദുരന്തഭൂമിയില്‍