കോഴിക്കോട്: താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വാഴക്കുല മോഷണം പതിവാകുന്നു. കർഷകർക്ക് വാഴക്കുലയ്ക്ക് രാത്രിയും കാവലിരിക്കേണ്ട അവസ്ഥയാണ്. നട്ടുനനച്ച വാഴ കുലച്ച് മൂപ്പെത്തണമെന്നില്ല, അതിന് മുമ്പ് വെട്ടി കൊണ്ടുപോകുകയാണ്. കർഷകന് പഴം തിന്നാനും കുല വിൽക്കാനും യോഗമില്ലാത്ത അവസ്ഥയാണ് നിലവിൽ താമരശ്ശേരിയിൽ.
നേരം ഇരുട്ടിയാൽ കള്ളനെത്തി വാഴക്കുലക്കൊണ്ടുപോകും. ആരാണ് ഈ 'കുലച്ചതി' ചെയ്യുന്നതെന്ന് നോക്കിയിരിക്കവെയാണ് ഒരു ദൃശ്യം സിസിടിവിയിൽ പതിഞ്ഞത്. കഴിഞ്ഞ ദിവസം താമരശ്ശേരി താലൂക്ക് ആശുപത്രി പരിസത്തെ വാഴക്കുല മോഷണം സിസിടിവി ക്യാമറയിൽ പതിഞ്ഞു. പക്ഷേ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നാട്ടുകാരനായ ചന്ദ്രൻ്റെ പറമ്പിൽ നിന്നാണ് കുല മോഷണം പോയത്. രാത്രി എട്ടരയോടെ എത്തിയാണ് മൂപ്പെത്താത്ത കുല കൊത്തിയത്.
പരിസര പ്രദേശമായ കോരങ്ങാടും സമാന സ്ഥിതിയാണ്. പാടത്തെ കൃഷിയിടത്തിൽ വരെ കള്ളനെത്തി വാഴക്കുല കൊണ്ടുപോകും. ഇപ്പോൾ വാഴയ്ക്ക് കാവലിരിക്കേണ്ട ഗതികേടിലാണ് ഈ പ്രദേശങ്ങളിലെ കർഷകർ. നേന്ത്രവാഴ തന്നെ വേണമെന്നില്ല ഈ കള്ളൻമാർക്ക്. ഞാലിപ്പൂവൻ, മൈസൂർ പഴം, റോബസ്റ്റ എന്നിങ്ങനെ എല്ലാം വെട്ടിക്കൊണ്ടുപോകും ഈ കള്ളന്മാർ. 'വാഴപ്പഴത്തിന് നല്ല വിലയുള്ള കാലമാണ്. ഇത് വളരെ ആസൂത്രിതമായ കളവാണ്, നേരത്തെ സ്ഥലം മനസിലാക്കിയിട്ടാണ് രാത്രി വന്ന് കുല വെട്ടുന്നത്. ഇത് മറ്റു നാടുകളിൽ കൊണ്ടുപോയി വിൽക്കുകയാണന്ന് തോന്നുന്നു. പൊലീസിൽ പരാതി നൽകും'- ചന്ദ്രൻ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കഷ്‌ടപ്പെട്ട് കൃഷി ചെയ്‌ത് മൂപ്പെത്താറായ ബാക്കി കുലകൾ എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയിലാണ് കർഷകർ. പഴങ്ങൾക്ക് നല്ല വില മാർക്കറ്റിൽ ലഭിക്കുന്നതിനാൽ കുലകൾ മോഷ്‌ടിച്ച് ദൂര സ്ഥലങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ നേന്ത്രക്കായ (ഏത്തക്കായ) കിലോ 60 രൂപ, പൂവൻ കിലോ 70 രൂപ, ഞാലി പൂവൻ 80 രൂപ, റോബസ്റ്റ് 50 രൂപ, മോറിസ് 60 രൂപ എന്നിങ്ങനെയാണ് വില നിലവാരം.
Also Read: ചെറുവണ്ണൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ മോഷണം; മുഖ്യപ്രതി പിടിയിൽ