കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ പുറത്താക്കിയ കോൺഗ്രസ് നേതാക്കൾ പ്രതികരണവുമായി രംഗത്ത്. കല്യാണത്തിൽ പങ്കെടുത്തതിൽ ജാഗ്രതക്കുറവില്ലെന്ന് ആവർത്തിച്ച നേതാക്കൾ രാജ്‌മോഹൻ ഉണ്ണിത്താന് എതിരെ ആഞ്ഞടിച്ചു. നടപടി ഏകപക്ഷീയമാണെന്നും രാഷ്ട്രീയം കലരാതെ ചടങ്ങിൽ പങ്കെടുത്തു എന്ന പേരിലാണ് പുറത്താക്കലെന്നും ബാലകൃഷ്‌ണൻ പെരിയ പറഞ്ഞു.
രാജ്മോഹൻ ഉണ്ണിത്താൻ ജില്ലയിലെ കോൺഗ്രസിനെ തകർത്തു. മതപരമായ സംഘർഷത്തിൽ നിന്ന് മുതലെടുക്കാനാണ് ഉണ്ണിത്താൻ ശ്രമിച്ചത്. ഇതിനായി നെറ്റിയിലെ കുറി മായ്ച്ചു. ദുർമന്ത്രവാദത്തിന്‍റെ പേരിൽ കോൺഗ്രസ് ഓഫിസിൽ നിന്ന് ഉണ്ണിത്താൻ സാധനങ്ങൾ എടുത്തുമാറ്റി. മതപരമായ സംഘർഷത്തിൽ നിന്ന് മുതലെടുക്കാനാണ് ഉണ്ണിത്താൻ ശ്രമിച്ചതെന്നും ബാലകൃഷ്‌ണൻ പെരിയ ആരോപിച്ചു.
ഉണ്ണിത്താന് എതിരായ യുദ്ധം ഇന്ന് മുതൽ ആരംഭിക്കുന്നുവെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ഡിസിസി പ്രസിഡന്‍റ് പികെ ഫൈസലും തനിക്കെതിരെ പ്രവർത്തിച്ചു. എല്ലാ പാർട്ടിയിൽ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസിനെ വിട്ടുപോകില്ലെന്നും ബാലകൃഷ്‌ണൻ പറഞ്ഞു.
വിവാഹത്തിൽ പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉണ്ടായിരുന്നു. കല്യോട്ടെ നാട്ടുകാർ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ പ്രശ്‌നം പരിഹരിക്കുന്നതിന് പകരം ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുകയാണ് ചെയ്‌തതെന്നും ഇവർ ആരോപിച്ചു.
അതേ സമയം നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ഡിസിസി പ്രസിഡന്‍റ് പി കെ ഫൈസലിന്‍റെ പ്രതികരണം. രാജ്‌മോഹൻ ഉണ്ണിത്താനെ കുറ്റപെടുത്തേണ്ട ആവശ്യം ഇല്ലെന്നും പാർട്ടിക്ക് മുകളിൽ അല്ല ഒരു നേതാവെന്നും ഫൈസൽ പറഞ്ഞു. പെരിയ കൊലപാതക കേസിലെ പ്രതിയുടെ മകന്‍റെ വിവാഹത്തിൽ പങ്കെടുത്തത്തിന് കെപിസിസി അംഗം ബാലകൃഷ്‌ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്‍റ് രാജൻ പെരിയ, മണ്ഡലം പ്രസിഡന്‍റുമാരായ പ്രമോദ് പെരിയ, രാമകൃഷ്‌ണൻ പെരിയ എന്നിവരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ ശുപാർശയെ തുടർന്നാണ് തീരുമാനം.
പെരിയ ഇരട്ട കൊലപാതകക്കേസ് പ്രതിയുടെ മകന്‍റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത് നേതാക്കളുടെ വീഴ്‌ചയെന്നു കെപിസിസി നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. കെപിസിസി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൺ എന്നിവരാണ് അന്വേഷണം നടത്തിയത്.
മെയ് 8 നാണ് സംഭവം. പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹ സൽക്കാരത്തിൽ കോൺഗ്രസ് നേതാവ് പങ്കെടുത്തതിന്‍റെ ചിത്രം പുറത്ത് വന്നിരുന്നു . കേസിലെ 13-ാം പ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയുമായ ബാലകൃഷ്‌ണന്‍റെ മകന്‍റെ കല്യാണ സൽക്കാരത്തിലാണ് കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത്.
Also Read: പെരിയ കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹത്തിൽ പങ്കെടുത്ത നേതാക്കളെ പുറത്താക്കി കോൺഗ്രസ്