കണ്ണൂര്‍: താമസിക്കുന്ന വീടിന്‍റെ ചോര്‍ച്ച മാറ്റാന്‍ അറ്റകുറ്റ പണി നടത്തിയതിന്‍റെ പേരില്‍ 41,000 രൂപയിലധികം സെസ് അടക്കാന്‍ നോട്ടീസ് ലഭിച്ച വയോധികന്‍റെ വീടിന് നേരെ ആക്രമണം. സംഭവ സമയത്ത് രോഗിയായ വയോധികനും ഭാര്യയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയില്‍ സെസ് നല്‍കാന്‍ കഴിഞ്ഞ ദിവസം ലേബര്‍ ഓഫീസില്‍ നിന്നും കേളകം പൊയ്യാമലയിലെ പുതനപ്ര തോമസിന് നോട്ടീസ് ലഭിച്ചിരുന്നു.
20,000 രൂപയുടെ അറ്റകുറ്റ പണിയുടെ പേരില്‍ 41,264 രൂപയുടെ സെസ് നല്‍കണമെന്നാണ് നോട്ടീസിൽ പറയുന്നത്. 413 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഇനത്തില്‍ പണമായി നേരിട്ടും ബാക്കി 40,851 രൂപ ഇരുപത് ദിവസത്തിനകം ഡി.ഡി. ആയി ഓഫീസില്‍ നല്‍കണമെന്നുമായിരുന്നു നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. 226.72 ചതുരശ്ര മീറ്റര്‍ തറ വിസ്‌തീര്‍ണ്ണമുള്ള വീടിന് 316.2 ചതുരശ്ര മീറ്റര്‍ ആയി കാണിച്ചിട്ടുമുണ്ട്.
ഇതോടെ വീടിന്‍റെ ചോര്‍ച്ച തടയാന്‍ നടത്തിയ അറ്റകുറ്റപണിക്ക് സെസ് പിരിക്കുന്നതിനെതിരെ നിയമ നടപടിയുടെ ഭാഗമായി തൊഴില്‍ വകുപ്പിന് (Labour Department) തോമസ് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് നല്‍കിയതിന്‍റെ തൊട്ടടുത്ത ദിവസം തോമസിന്‍റെ വീട്ടിന്‍റെ മതിലില്‍ സ്ഥാപിച്ചിരുന്ന ആറ് വൈദ്യുത വിളക്കുകള്‍ തകര്‍ക്കപ്പെടുകയും ബള്‍ബുകള്‍ മോഷണം പോവുകയും ചെയ്‌തു. കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്ത നിലയിലാണ് ബള്‍ബുകള്‍ കണ്ടതെന്ന് തോമസ് പറഞ്ഞു.
ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് 78 വയസ്സുകാരനായ തോമസ് ഏറെ നാളായി ചികിത്സയിൽ കഴിയുകയാണ്. ഭാര്യ കുട്ടിയമ്മയും അസുഖ ബാധിതയായി ചികിത്സയിലാണ്. കുടുംബം കേളകം പൊലീസിന് പരാതി നല്‍കി.