ന്യൂഡല്‍ഹി: ടി20 ലോകകപ്പിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് സിംബാബ്‌വെ പര്യടനമാണ്. സിംബാബ്‌വെയില്‍ ടീമിനെ പരിശീലിപ്പിക്കുക വിവിഎസ് ലക്ഷ്‌മണും നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ അദ്ദേഹത്തിന്‍റെ സപ്പോർട്ടിങ് സ്റ്റാഫുകളുമെന്ന് റിപ്പോര്‍ട്ട്.
"ഇന്ത്യയുടെ യുവ സംഘത്തോടൊപ്പം ലക്ഷ്‌മണും ചില എൻസിഎ പരിശീലകരും സിംബാബ്‌വെയിലേക്ക് യാത്ര ചെയ്യാന്‍ സാധ്യതയുണ്ട്. നേരത്ത, രാഹുൽ ദ്രാവിഡും അദ്ദേഹത്തിന്‍റെ സപ്പോര്‍ട്ടിങ് സ്റ്റാഫും ഇടവേള എടുക്കുമ്പോള്‍ ലക്ഷ്‌മണും എൻസിഎ ടീമും ആയിരുന്നു പരിശീലിപ്പിച്ചിരുന്നത്" ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
ജൂണ്‍ 22 അല്ലെങ്കില്‍ 23 തീയതിയില്‍ സിംബാബ്‌വെ പര്യടനത്തിനുള്ള സ്‌ക്വാഡിന്‍റെ പ്രഖ്യാപനമുണ്ടാവും. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള രണ്ടാം നിര ടീമിനെയാവും സെലക്‌ടര്‍മാര്‍ തിരഞ്ഞെടുക്കുക. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ ബിസിസിഐയുടെ 'ടാർഗെറ്റഡ് ലിസ്റ്റില്‍' ഉള്‍പ്പെട്ട കളിക്കാര്‍ നിലവില്‍ എന്‍സിഎയില്‍ ലക്ഷ്‌മണിന്‍റെ നേതൃത്വത്തില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ജൂലൈ ആറിനാണ് അഞ്ച് ടി20 മത്സരങ്ങള്‍ അടങ്ങിയ ഇന്ത്യ- സിംബാബ്‌വെ പരമ്പര ആരംഭിക്കുക. ജൂലൈ 7, ജൂലൈ 10, ജൂലൈ 13, ജൂലൈ 14 എന്നീ തീയതികളിലാണ് മറ്റ് മത്സരങ്ങള്‍. അതേസമയം നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്‍റെ കരാര്‍ ടി20 ലോകകപ്പോടെ അവസാനിക്കുകയാണ്.
പുതിയ പരിശീലകനായി ഇന്ത്യയുടെ മുന്‍ ബാറ്റര്‍ ഗൗതം ഗംഭീര്‍ എത്തിയേക്കുമെന്നാണ് വിവരം. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടായേക്കും. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനടത്തിലാവും അദ്ദേഹം ടീമിന്‍റെ ചുമതല ഏല്‍ക്കുക. ജൂലൈയിലാണ് ഇന്ത്യ ശ്രീലങ്കന്‍ പര്യടനം നടത്തുന്നത്. മൂന്ന് വീതം ടി20കളും ഏകദിനങ്ങളുമാണ് നീലപ്പട ലങ്കയ്‌ക്ക് എതിരെ കളിക്കുന്നത്.