ബ്രിഡ്‌ജ്‌ടൗൺ: ടി20 ലോകകപ്പ് പര്യടനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാനാകാതെ കിരീട ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീം. ഗ്രേഡ് 3 ചുഴലിക്കാറ്റായ ബെറിൽ ചുഴലിക്കാറ്റ് മൂലം ഫ്ലൈറ്റ് റദ്ദാക്കിയതാണ് ടീം അംഗങ്ങളെ പ്രതിസന്ധിയിലാക്കിയത്. നിലവിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്തും സംഘവും ബാർബഡോസിലെ ഹോട്ടലിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് ടീമിന്‍റെ അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
തിങ്കളാഴ്‌ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് (8:30 PM IST) ടീം ബാർബഡോസിൽ നിന്ന് പുറപ്പെടേണ്ടിയിരുന്നത്. ബാർബഡോസിൽ നിന്ന് ന്യൂയോർക്കിലേക്കും തുടർന്ന് ദുബായിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കും കണക്റ്റിങ് ഫ്ലൈറ്റായിരുന്നു. എന്നാൽ ചുഴലിക്കാറ്റ് കാരണം നേരത്തെ നിശ്ചയിച്ചിരുന്ന യാത്ര സാധ്യമല്ലെന്നാണ് വിവരം.
ഞായറാഴ്‌ച അർധരാത്രിയോ തിങ്കളാഴ്‌ച പുലർച്ചെയോ ബാർബഡോസിൽ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റിന് സാധ്യതതയുള്ളതിനാൽ ഗ്രാൻ്റ്‌ലി ആഡംസ് ഇൻ്റർനാഷണൽ എയർപോർട്ട് ഞായറാഴ്‌ച രാത്രിയോടെ അടയ്ക്കുമെന്ന് ബാർബഡിയൻ പ്രധാനമന്ത്രി മിയ മോട്ടിലി പ്രഖ്യാപിച്ചു.
Also Read:'രാഷ്‌ട്രപതി, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്...'; ഇന്ത്യൻ ജയത്തില്‍ കയ്യടിച്ച് പ്രമുഖര്‍