ബെംഗളൂരു : ഐപിഎല്‍ പതിനേഴാം പതിപ്പില്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ച്വറി നേടിയെങ്കിലും ടീമിന്‍റെ തോല്‍വിയില്‍ പഴി കേള്‍ക്കേണ്ടി വരികയാണ് ആര്‍സിബിയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായി നടന്ന മത്സരത്തില്‍ 59 പന്ത് നേരിട്ട വിരാട് കോലി പുറത്താകാതെ 83 റണ്‍സാണ് നേടിയത്. കോലിയുടെ അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സാണ് ആര്‍സിബിയ്‌ക്ക് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാൻ സാധിച്ചത്.
മറുപടി ബാറ്റിങ്ങില്‍ സുനില്‍ നരെയ്‌നും വെങ്കിടേഷ് അയ്യറും തകര്‍ത്തടിച്ചതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 17-ാം ഓവറില്‍ ജയത്തിലേക്ക് എത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ്, ബാറ്റിങ്ങില്‍ കോലിയുടെ മെല്ലെപ്പോക്കാണ് ആര്‍സിബിയുടെ തോല്‍വിയ്‌ക്ക് കാരണമെന്ന വാദം ഒരു കൂട്ടം ആരാധകര്‍ ഉന്നയിച്ചത്. എന്നാല്‍, ഇവര്‍ക്കുള്ള മറുപടി മത്സരത്തിനിടെ മുൻ താരം സുനില്‍ ഗവാസ്‌കര്‍ തന്നെ നല്‍കിയിരുന്നു. ആര്‍സിബി നിരയിലെ മറ്റ് ബാറ്റര്‍മാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു ഗവാസ്‌കറുടെ പ്രതികരണം.
'വിരാട് കോലിയ്‌ക്ക് ഇവിടെ ഒറ്റയ്‌ക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നാണ് നിങ്ങള്‍ വ്യക്തമാക്കേണ്ടത്. ടീമില്‍ ഉള്ള ആരെങ്കിലും അയാള്‍ക്ക് വേണ്ട പിന്തുണ നല്‍കേണ്ടതുണ്ട്. ഇന്ന്, ആരെങ്കിലും കോലിയ്‌ക്ക് ഒരു സപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കില്‍ 83ന് പകരം 120 എങ്കിലും കോലി അടിച്ചെടുക്കുമായിരുന്നു.
നിര്‍ഭാഗ്യവശാല്‍ കോലിയ്‌ക്ക് വേണ്ട പിന്തുണ നല്‍കാൻ മത്സരത്തില്‍ ആര്‍ക്കും സാധിച്ചില്ല. ഇതൊരും ടീം ഗെയിം ആണ്. അല്ലാതെ ഒറ്റയ്‌ക്ക് കളിക്കുന്ന കളിയല്ല' -സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ഓപ്പണറായി ക്രീസിലെത്തിയ വിരാട് കോലി 140.68 പ്രഹരശേഷിയിലാണ് 83 റണ്‍സ് നേടിയത്. നാല് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. 21 പന്തില്‍ 33 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീൻ ആയിരുന്നു ആര്‍സിബിക്കായി മത്സരത്തില്‍ ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍ നേടിയ താരം. ഗ്ലെൻ മാക്‌സ്‌വെല്‍ (28), ദിനേശ് കാര്‍ത്തിക് (20) എന്നിവരും ബെംഗളൂരുവിനായി ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചു.
മത്സരത്തില്‍ 183 റണ്‍സ് ചേസ് ചെയ്യാനെത്തിയ കൊല്‍ക്കത്തയ്‌ക്കായി സുനില്‍ നരെയ്‌ൻ 22 പന്തില്‍ 47 റണ്‍സും വെങ്കടേഷ് അയ്യര്‍ 30 പന്തില്‍ 50 റണ്‍സും അടിച്ചെടുത്തു. 150ന് സ്ട്രൈക്ക് റേറ്റിന് മുകളിലായിരുന്നു റിങ്കു സിങ് ഒഴികെയുള്ള കെകെആര്‍ താരങ്ങള്‍ മത്സരത്തില്‍ ബാറ്റ് ചെയ്‌തത്.