അബിജാൻ: ആഫ്രിക്കന്‍ നാഷൻസ് കപ്പില്‍ (Africa Cup Of Nations 2023) ഐവറി കോസ്റ്റിനെ (Ivory Coast) മൂന്നാം കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെ നാഷണല്‍ ഹീറോയാണ് സ്‌ട്രൈക്കര്‍ സെബാസ്റ്റ്യന്‍ ഹാളര്‍ (Sebastien Haller). ഫൈനലില്‍ നൈജീരിയയെ (Nigeria) തകര്‍ത്താണ് ഐവറി കോസ്റ്റ് വീണ്ടും ആഫ്രിക്കയുടെ ചാമ്പ്യന്മാരായത്. വാശിയേറിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഐവറി കോസ്റ്റ് ജയം നേടിയത്.
ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ഐവറി കോസ്റ്റ് പൊരുതിക്കയറിയത്. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ 38-ാം മിനിട്ടില്‍ വില്യം ട്രൂസ്റ്റ് എകോങ്ങിലൂടെ (William Troot Ekong) നൈജീരിയ മുന്നിലെത്തിയിരുന്നു. 62-ാം മിനിട്ടില്‍ ഫ്രാങ്ക് കെസ്സിയിലൂടെ (Franck Kessie) ഗോള്‍ മടക്കിയ ഐവറി കോസ്റ്റ് സമനില പിടിച്ചു. ഒടുവില്‍ മത്സരം ശേഷിക്കാന്‍ മിനിട്ടുകള്‍ ശേഷിക്കെ നൈജീരിയന്‍ പോസ്റ്റിലേക്ക് പന്ത് കയറ്റിയ സെബാസ്റ്റ്യന്‍ ഹാളര്‍ ഐവറി കോസ്റ്റിന്‍റെ വിജയം ഉറപ്പിക്കുകയായിരുന്നു.
ഈ മത്സരത്തിന് ഇറങ്ങും മുമ്പ് തന്നെ ഫുട്‌ബോള്‍ ലോകത്തിന്‍റെ കണ്ണ് ഏറെയും ബൊറൂസിയ ഡോര്‍ട്ട്‌മുണ്ട് (Borussia Dortmund) താരമായ സെബാസ്റ്റ്യന്‍ ഹാളറിലേക്കായിരുന്നു. കാരണം ഒരുവര്‍ഷത്തിനുള്ളില്‍ ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ചാണ് 29-കാരന്‍ കളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. സെബാസ്റ്റ്യന്‍ ഹാളറുടെ തിരിച്ചുവരവിന്‍റെ ഈ കഥയറിയാം....
2022- ജൂലൈയിലായിരുന്നു താരത്തിന് ടെസ്റ്റികുലാർ കാൻസർ (Testicular cancer) സ്ഥിരീകരിക്കുന്നത്. ഡച്ച് ക്ലബ് അയാക്‌സിനൊപ്പം രണ്ട് മികച്ച സീസണുകള്‍ക്ക് ശേഷം സെബാസ്റ്റ്യന്‍ ഹാളര്‍ ജർമ്മൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിലേക്ക് എത്തിയ വര്‍ഷമായിരുന്നു അത്. അയാക്‌സിനൊപ്പം എറെഡിവിസി കിരീടം നേടിയ താരം ചാമ്പ്യന്‍സ് ലീഗില്‍ ടീമിന്‍റെ ടോപ് സ്‌കോററുമായിരുന്നു.
മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയ സ്റ്റാർ സ്ട്രൈക്കർ എർലിങ് ഹാലൻഡിന്‍റെ പകരക്കാരനായി ആയിരുന്നു സെബാസ്റ്റ്യന്‍ ഹാളറെ ഡോര്‍ട്ട്‌മുണ്ട് റാഞ്ചിയത്. താരത്തിന്‍റെ കരിയറിലെ സുപ്രധാന നീക്കമെന്ന് വിലയിരുത്തപ്പെട്ട ട്രാന്‍സ്‌ഫറായിരുന്നുവിത്. എന്നാല്‍ അധികം വൈകാതെ തന്നെ താരത്തിന് രോഗം സ്ഥിരീകരിക്കപ്പെട്ടു.
ടീമിലെത്തി വെറും രണ്ട് ആഴ്‌ചയ്‌ക്ക് ശേഷം പ്രീ-സീസൺ പരിശീലന ക്യാമ്പിനിടെ, തനിക്ക് വയറില്‍ അസ്വസ്ഥതകളുള്ളതായി സെബാസ്റ്റ്യന്‍ ഹാളര്‍ ടീം ഡോക്‌ടറോട് പരാതിപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് രോഗം ടെസ്റ്റികുലാർ കാൻസറാണെന്ന് തിരിച്ചറിയുന്നത്. ഇതു നീക്കം ചെയ്യാനുള്ള സര്‍ജറിയും തുടര്‍ന്നുള്ള കീമോതെറാപ്പിയുമായി രണ്ട് മാസങ്ങളോളം ആശുപത്രിയില്‍ നിന്നിറങ്ങാന്‍ താരത്തിന് കാര്യമായ സമയമുണ്ടായിരുന്നില്ല.
എന്നാന്‍ കാല്‍പ്പന്ത് കളത്തിലേക്ക് മടങ്ങിവരവിനായുള്ള പ്രതീക്ഷയായിരുന്നു ഹാളറുടെ മനസ് നിറയെ. ഒടുവില്‍ തന്‍റെ സ്വപ്‌നങ്ങളെ എത്തിപ്പിടിക്കാന്‍ 2023- ജനുവരിയില്‍ താരം കളത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇപ്പോള്‍ ആഫ്രിക്കന്‍ നാഷൻസ് കപ്പില്‍ വിജയ ഗോളടിച്ച് ഐവറി കോസ്റ്റിന്‍റെ സൂപ്പര്‍ ഹീറോ ആയി മാറാനും താരത്തിന് കഴിഞ്ഞു.
ALSO READ: ആഴ്‌സണലിന്‍റെ 'ആറാട്ട്'; പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിന് വമ്പന്‍ തോല്‍വി