ഹൈദരാബാദ് : ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കർ പാരിസ് ഒളിമ്പിക്‌സിൽ നിന്ന് പിന്മാറി. കാലിന് പരിക്കേറ്റതിനെ തുടർന്നാണ് താരം പിന്മാറിയത്. പാലക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽവച്ച് പരിശീലനം നടത്തുന്നതിനിടെയാണ് കാൽമുട്ടിന് പരിക്കേറ്റത്. ഇന്നലെ (ഏപ്രിൽ 17) ആണ് സംഭവം.
ശസ്‌ത്രക്രിയയും വിശ്രമവും വേണമെന്ന് ഡോക്‌ടർമാർ അറിയിച്ചതിനെ തുടർന്നാണ് താരം പിന്മാറിയത്. ശസ്‌ത്രക്രിയക്കായി ശ്രീശങ്കർ നിലവിൽ മുംബൈയിലെ ആശുപത്രിയിലാണ്. ജൂലൈ 26ന് ആരംഭിക്കുന്ന പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുക്കാനിരിക്കെയാണ് അപകടം പറ്റിയത്.
ഡയമണ്ട് ലീഗ് മീറ്റിൽ പങ്കെടുക്കാനായി ഏപ്രിൽ 24ന് ചൈനയിലെ ഷാങ്ഹായിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ശ്രീശങ്കർ. മെയ് 10ന് നടക്കുന്ന ദോഹ ഡയമണ്ട് ലീഗിലും താരത്തിന് എൻട്രി ലഭിച്ചിരുന്നു. ഇതിനിടെയാണ് പരിക്ക് വില്ലനായി എത്തിയത്. ഇതോടെ ഒളിമ്പിക്‌സിൽ മത്സരിക്കാനാകില്ലെന്ന് താരം അറിയിക്കുകയായിരുന്നു.
ലോങ് ജംപ് ലോകറാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തെത്തി നിൽക്കുന്ന ശ്രീശങ്കർ പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യൻ ട്രാക്ക് ആന്‍റ് ഫീൽഡ് അത്‌ലറ്റും കൂടിയാണ്.