പാരിസ്: സീസണ്‍ അവസാനത്തോടെ ഫ്രഞ്ച് ക്ലബ് പിഎസ്‌ജി വിടുന്നതില്‍ ഔദ്യോഗിക സ്ഥിരീകരണവുമായി സൂപ്പര്‍ താരം കിലിയൻ എംബാപ്പെ. സോഷ്യല്‍ മീഡിയ ഹാൻഡിലുകളിലൂടെ പങ്കുവെച്ച വീഡിയോയിലാണ് എംബാപ്പെ തന്നെ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ, അടുത്ത സീസണില്‍ താരം സ്‌പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന് വേണ്ടി പന്ത് തട്ടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
'സമയം വരുമ്പോള്‍ നിങ്ങളോട് എല്ല കാര്യവും പറയുമെന്ന് ഞാൻ പറഞ്ഞിരുന്നു. പിഎസ്‌ജിക്കൊപ്പമുള്ള എന്‍റെ അവസാന വര്‍ഷമാണിത്. ഫ്രഞ്ച് ക്ലബുമായുള്ള കരാര്‍ ഞാൻ പുതുക്കില്ല. ക്ലബിനൊപ്പമുള്ള എന്‍റെ യാത്ര ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ തന്നെ അവസാനിക്കും'- സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ട വീഡിയോയില്‍ കിലിയൻ എംബാപ്പെ പറഞ്ഞു.
ജൂണ്‍ വരെയാണ് എംബാപ്പെയ്‌ക്ക് പിഎസ്‌ജിയുമായുള്ള കരാര്‍. സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡുമായി എംബാപ്പെ ധാരണയിലെത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും തന്നെ റയല്‍ നടത്തിയിട്ടില്ല.
നിലവില്‍ ലീഗ് 1 ചാമ്പ്യന്മാരാണ് പിഎസ്‌ജി. നാളെ ടൂളൂസിനെതിരെയാണ് പാര്‍ക് ഡെസ് പ്രിൻസസില്‍ എംബാപ്പെ പിഎസ്‌ജിക്കായി അവസാന ഹോം മത്സരം കളിക്കുക. തുടര്‍ന്ന്, മെയ് 15ന് നീസിനെതിരെയും 19ന് മെറ്റ്‌സിനെതിരെയും പിന്നീട് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിന് എതിരെയും പിഎസ്‌ജിയ്‌ക്ക് മത്സരങ്ങള്‍ ഉണ്ട്. ഈ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതോടെയാകും റയല്‍ എംബാപ്പെയുടെ വരവ് സംബന്ധിച്ച പ്രഖ്യാപനം നടത്തുക.
നിലവില്‍ പിഎസ്‌ജിയില്‍ ലഭിക്കുന്ന പ്രതിഫലത്തേക്കാള്‍ കുറഞ്ഞ പ്രതിഫലം വാങ്ങിയാകും എംബാപ്പെ റയലിനായി പന്ത് തട്ടുക. യൂറോപ്പില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് എംബാപ്പെ. ഇത്രയും വേതനം നല്‍കാൻ തയ്യാറല്ലെന്ന് റയല്‍ വ്യക്തമാക്കിയിട്ടും ക്ലബിനൊപ്പം ചേരാൻ താരം സമ്മതിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഫ്രാൻസ് ദേശീയ ടീമിന്‍റെ നായകൻ കൂടിയായി എംബാപ്പെയെ കൂടാരത്തിലെത്തിക്കാൻ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റയല്‍ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ സീസണില്‍ താരവും ക്ലബുമായി കരാറിന്‍റെ വക്കുവരെ എത്തിയിരുന്നു. ഫ്രീ ഏജന്‍റായി ക്ലബ് വിടാൻ ശ്രമിച്ചതിന് പിന്നാലെ താരവും പിഎസ്‌ജിയുമായി തര്‍ക്കങ്ങളും ഉണ്ടായി. ഇതിന് പിന്നാലെ ഉയര്‍ന്ന ഓഫര്‍ നല്‍കിയാണ് പിഎസ്‌ജി എംബാപ്പെയെ ഒപ്പം നിര്‍ത്തിയത്.
മൊണോക്കോയില്‍ നിന്നും 2017ല്‍ ആയിരുന്നു എംബാപ്പെ പിഎസ്‌ജിയിലേക്ക് എത്തിയത്. തുടര്‍ന്ന് ഇതുവരെയുള്ള കരിയറില്‍ ക്ലബിന്‍റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായാണ് എംബാപ്പെ പടിയിറങ്ങാൻ ഒരുങ്ങുന്നത്. കൂടാതെ, ഫ്രഞ്ച് ക്ലബിനൊപ്പം ചാമ്പ്യൻസ് ലീഗ് നേട്ടമെന്ന താരത്തിന്‍റെ സ്വപ്‌നവും ബാക്കിയാണ്. ഇത്തവണ ചാമ്പ്യൻസ് ലീഗ് സെമിയില്‍ ബൊറൂസിയ ഡോര്‍ട്‌മുണ്ടിനോട് തോറ്റായിരുന്നു പിഎസ്‌ജി പുറത്തായത്.