രാജ്‌കോട്ട് : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് കെഎല്‍ രാഹുലും (KL Rahul) ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും (Ravindra Jadeja) തിരിച്ചെത്തിയേക്കുമെന്ന് സൂചന. പരിക്കിനെ തുടര്‍ന്ന് ഇരുവര്‍ക്കും പരമ്പരയിലെ രണ്ടാം മത്സരം നഷ്‌ടമായിരുന്നു. രാജ്‌കോട്ടില്‍ ഫെബ്രുവരി 15നാണ് മൂന്നാമത്തെ മത്സരം ആരംഭിക്കുന്നത് (India vs England 3rd Test).
ഹൈദരാബാദിലെ ആദ്യ മത്സരത്തിനിടെയായിരുന്നു കെഎല്‍ രാഹുലിനും രവീന്ദ്ര ജഡേജയ്‌ക്കും പരിക്കേറ്റത്. പിന്നാലെ, ഇരുവരെയും രണ്ടാം മത്സരത്തിനുള്ള സ്ക്വാഡില്‍ നിന്നും ഒഴിവാക്കി. സര്‍ഫറാസ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഇവര്‍ക്ക് പകരം സ്ക്വാഡിലേക്ക് എത്തിയത്.
രണ്ടാം മത്സരം കളിക്കാതിരുന്ന രാഹുലും ജഡേജയും പൂര്‍ണമായും ആരോഗ്യം വീണ്ടെടുത്തതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്നാം മത്സരത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങള്‍ ഫെബ്രുവരി 11ന് രാജ്‌കോട്ടിലെ ടീം ക്യാമ്പിനൊപ്പം ചേരണമെന്നാണ് ബിസിസിഐയുടെ നിര്‍ദേശം. നിലവില്‍, പരിശീലനം നടത്തുന്ന രാഹുലിനും ജഡേജയ്‌ക്കും ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ടീം മാനേജ്‌മെന്‍റിന് ഉള്ളത്.
അതേസമയം, രാജ്‌കോട്ടില്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍ ജസ്‌പ്രീത് ബുംറ (Jasprit Bumrah) കളിക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. വര്‍ക്ക് ലോഡ് കുറയ്‌ക്കാന്‍ താരത്തിന് മൂന്നാം മത്സരത്തില്‍ ടീം മാനേജ്‌മെന്‍റ് വിശ്രമം അനുവദിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ അന്തിമ തീരുമാനം ബുംറയുടേതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വിശാഖപട്ടണത്ത് രണ്ടാം മത്സരം കളിക്കാതിരുന്ന മുഹമ്മദ് സിറാജ് ടീമിലേക്ക് തിരികെയെത്തിയേക്കുമെന്നാണ് സൂചന. ബുംറ രാജ്‌കോട്ടില്‍ കളിച്ചില്ലെങ്കില്‍ സിറാജ് ആയിരിക്കും ഇന്ത്യന്‍ പേസ് ആക്രമണത്തെ നയിക്കുന്നത്.
അവസാന മൂന്ന് മത്സരങ്ങളിലും വിരാട് കോലി (Virat Kohli) ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ആദ്യത്തെ രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ ഉണ്ടാകില്ലെന്നായിരുന്നു വിരാട് കോലി ആദ്യം ബിസിസിഐയെ അറിയിച്ചിരുന്നത്. നിലവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് കോലിക്ക് പരമ്പര പൂര്‍ണമായും നഷ്‌ടമാകുമെന്നാണ്.
വിരാട് കോലിയുടെ അഭാവത്തില്‍ രജത് പടിദാര്‍ ടീമില്‍ തുടര്‍ന്നേക്കാനാണ് സാധ്യത. കോലിയുടെ മടങ്ങിവരവ് പ്രതീക്ഷിച്ച് ആദ്യ രണ്ട് മത്സരങ്ങള്‍ക്കായിട്ടായിരുന്നു പടിദാറിനെ ഇന്ത്യന്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത്.
Also Read : കോലിയെ നോക്കണ്ട...ടീം ഇന്ത്യയില്‍ അഴിച്ചുപണി വേണോ എന്നാലോചിച്ച് ബിസിസിഐ
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ ഒപ്പത്തിനൊപ്പമാണ് ഇന്ത്യ ഇംഗ്ലണ്ട് ടീമുകള്‍. ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ 28 റണ്‍സിന്‍റെ ജയമായിരുന്നു ഇംഗ്ലണ്ട് സ്വന്തമാക്കിയത്. രണ്ടാമത്തെ മത്സരത്തില്‍ 106 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.