എറണാകുളം: ആട്ടത്തിനൊപ്പം ഓട്ടത്തിലും കഴിവ് തെളിയിച്ച് ആലപ്പുഴയുടെ ആർ ശ്രേയ. കഥകളി കലാകാരി കൂടിയായ ഈ മിടുക്കി സംസ്ഥാന സ്‌കൂൾ കായിക മേളയിൽ നിന്നും മൂന്ന് സ്വർണമുൾപ്പടെ നാല് മെഡലുകളാണ് നേടിയത്. കഴിഞ്ഞ നാല് തവണയും സംസ്ഥാന കായികമേളയിൽ നിന്നും നിരാശയോടെയാണ് ശ്രേയ മടങ്ങിയതെങ്കിലും, ഇത്തവണ മനസ് നിറഞ്ഞാണ് മടക്കം.
കലകാരിയായ ഈ കായിക പ്രതിഭയുടെ മുഖത്ത് കായികമേള വേദിയിൽ നിൽക്കുമ്പോൾ വിജയത്തിന്‍റെ പുഞ്ചിരിയാണ് വിരിയുന്നത്. ഒളിമ്പിക്‌സിൽ മെഡൽ നേടുകയാണ് തന്‍റെ ലക്ഷ്യമെന്ന് ശ്രേയ ഇടിവി ഭരതിനോട് പറഞ്ഞു.
താൻ വളരെയേറെ സന്തോഷവതിയാണ് പരിശീലനത്തിന്‍റെ ഫലമായാണ് നാല് മെഡലുകൾ ലഭിച്ചത്. ചെറിയ പ്രതീക്ഷയുമായാണ് എത്തിയതെങ്കിലും വലിയനേട്ടമാണ് ലഭിച്ചത്. കഥകളിക്കും ഓട്ടത്തിനും നല്ല പിന്തുണയാണ് വീട്ടിൽ നിന്നും ലഭിക്കുന്നത്.
തന്‍റെ കായിക പരിശീലകന് തന്‍റെ കലാ പ്രവർത്തനങ്ങളോടും താത്‌പര്യമാണ്. അതുപോലെ തന്നെ തന്‍റെ കഥകളി ആശാന് സ്പോർട്‌സും ഇഷ്‌ടമാണെന്നും ആർ ശ്രേയ വ്യക്തമാക്കി. ആലപ്പുഴയിൽ പരിശീലനത്തിന് അനുയോജ്യമായ മൈതാനമില്ലാത്തതിനാൽ ശനി, ഞായർ ദിവസങ്ങളിൽ പാലയിൽ പോയാണ് പരിശീലനം നടത്തുന്നത്. അതിന്‍റെ പരിമിതിയുണ്ടെന്നും ശ്രേയ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കലാമണ്ഡലം ഗണേഷ് മാസ്‌റ്ററാണ് കഥകളി പരിശീലിപ്പിക്കുന്നത്. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ആര്‍ ശ്രേയ, 12.54 സെക്കന്‍ഡ് എന്ന തന്‍റെ മികച്ച സമയം കൂടി കണ്ടെത്തിയാണ് അതിവേഗ ട്രാക്കില്‍ ഒന്നാമതെത്തിയത്. 200 മീറ്ററിലും ആലപ്പുഴ സെന്‍റ് ജോസഫ് ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഈ മിടുക്കി സ്വർണം നേടി. റിലേയിലും സുവർണ നേട്ടം കരസ്ഥമാക്കിയ ഈ കായിക പ്രതിഭയ്ക്ക് 400 മീറ്ററിൽ വെള്ളിമെഡലാണ് ലഭിച്ചതെങ്കിലും തന്‍റെ മികച്ച സമയം കണ്ടെത്താൻ കഴിഞ്ഞു.
കഴിഞ്ഞയാഴ്‌ച കളര്‍കോട് മഹാദേവ ക്ഷേത്രത്തില്‍ നടന്ന ദുര്യോധനവധം കഥകളിയില്‍ കൃഷ്‌ണവേഷം കെട്ടിയാടിയ ശേഷമാണ് ശ്രേയ സംസ്ഥാന കായികമേളയ്‌ക്കെത്തിയത്. ആലപ്പുഴ ലിയോ അക്കാദമിയിലെ ജോസഫ് ആന്‍റണിയാണ് ശ്രേയയുടെ കായികപരിശീലകന്‍. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിലുള്ള വ്യക്തിഗത ചാമ്പ്യൻ പട്ടവും ശ്രേയയെന്ന കലാകായിക പ്രതിഭയാണ് നേടിയത്.
Also Read: തലയെടുപ്പോടെ തലസ്ഥാനം; സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ചാമ്പ്യന്മാര്‍