രാജ്‌കോട്ട്: മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ മറുപടിയുമായി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നേടിയ 445 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ട് രണ്ടാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 207 റണ്‍സ് നേടിയിട്ടുണ്ട്. ( India vs England 3rd Test 2nd Day Highlights) സെഞ്ചുറി പൂര്‍ത്തിയാക്കിയ ബെന്‍ ഡക്കറ്റിന് (118 പന്തില്‍ 133) ജോ റൂട്ടാണ് (13 പന്തില്‍ 9) കൂട്ടുനില്‍ക്കുന്നത്.
ഇന്ത്യയ്‌ക്കായി ആര്‍ അശ്വിന്‍ (R Ashwin), മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. വമ്പന്‍ സ്‌കോര്‍ പിന്തുടരുന്ന ഇംഗ്ലണ്ടിനായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സൗക്ക് ക്രൗളിയും ബെന്‍ ഡക്കറ്റും ( Ben Duckett ) നല്‍കിയത്. ബാസ്ബോള്‍ ശൈലിയില്‍ ഇന്ത്യന്‍ ബോളര്‍മാരെ കടന്നാക്രമിച്ച ഇരുവരും ആദ്യ വിക്കറ്റില്‍ 89 റണ്‍സാണ് നേടിയത്.
സാക്ക് ക്രൗളിയെ (28 പന്തില്‍ 15) മടക്കി ആര്‍ അശ്വിനാണ് ഇന്ത്യയ്‌ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. അശ്വിനെ സ്വീപ്പ് ചെയ്യാനുള്ള ക്രൗളിയുടെ ശ്രമം രജത് പടിദാറിന്‍റെ കയ്യില്‍ അവസാനിക്കുകയായിരുന്നു. ടെസ്റ്റില്‍ അശ്വിന്‍റെ 500-ാം വിക്കറ്റാണിത്. 98 ടെസ്റ്റുകളില്‍ നിന്നാണ് അശ്വിന്‍ ഫോര്‍മാറ്റില്‍ 500 വിക്കറ്റുകളിലേക്ക് എത്തിയത്.
ക്രൗളി മടങ്ങിയെങ്കിലും ആക്രമണം തുടര്‍ന്ന ഡക്കറ്റ് ഒല്ലി പോപ്പിനൊപ്പം 93 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 55 പന്തില്‍ 39 റണ്‍സെടുത്ത പോപ്പിനെ സിറാജ് വിക്കറ്റിന് മുന്നില്‍ കുരുക്കി. എന്നാല്‍ ഇതിനിടെ 88 പന്തുകളില്‍ നിന്നും ഡക്കറ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. ഇന്ത്യന്‍ ബോളര്‍മാരെ കടുത്ത സമ്മര്‍ദത്തിലാക്കിയ ഡക്കറ്റ് ഇതിനകം 21 ഫോറുകളും രണ്ട് സിക്‌സറുകളും നേടിയിട്ടുണ്ട്.
നേരത്തെ രോഹിത് ശര്‍മ (196 പന്തില്‍ 131), രവീന്ദ്ര ജഡേജ (225 പന്തില്‍ 112), സര്‍ഫറാസ് ഖാന്‍ (66 പന്തില്‍ 62), ധ്രുവ് ജുറെല്‍ (104 പന്തില്‍ 46), ആര്‍ അശ്വിന്‍ (89 പന്തില്‍ 37), ജസ്‌പ്രീത് ബുംറ (28 പന്തില്‍ 26) എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് എത്തിയത്. അഞ്ചിന് 326 റൺസ് എന്ന നിലയില്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്‌ക്ക് ശേഷിക്കുന്ന അഞ്ച് വിക്കറ്റില്‍ 119 റണ്‍സാണ് ഇന്ന് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്.
ALSO READ: ബാറ്റ് ചെയ്യാതെ ഇംഗ്ലണ്ടിന് അഞ്ച് റൺസ്, രാജ്കോട്ടില്‍ ഇന്ത്യയ്ക്ക് പെനാല്‍റ്റി കിട്ടിയതിങ്ങനെ...
ഇന്ത്യ പ്ലേയിങ് ഇലവൻ (India Playing XI For Rajkot Test) : രോഹിത് ശർമ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, രജത് പടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍ (England playing XI for Rajkot Test): സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), റെഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്‌ലി, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍.