കൊല്‍ക്കത്ത: ഐപിഎല്‍ പതിനേഴാം പതിപ്പില്‍ (IPL 2024) പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കൊല്‍ക്കത്തയുടെ യുവ പേസര്‍ ഹര്‍ഷിത് റാണയ്‌ക്ക് (Harshit Rana) മാച്ച് ഫീയുടെ 60 ശതമാനം പിഴ ചുമത്തി മാച്ച് റഫറി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ പെരുമാറ്റത്തിനാണ് താരത്തിനെതിരായ അച്ചടക്ക സമിതിയുടെ നടപടി (Harshit Rana was Fined 60 Percent Match Fee For Code of Conduct Breach). മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നാല് റണ്‍സിന്‍റെ ജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പ്രകടനമായിരുന്നു ഹര്‍ഷിത് റാണ നടത്തിയത്.
മായങ്ക് അഗര്‍വാള്‍, ഹെൻറിച്ച് ക്ലാസൻ എന്നിവരുടെ വിക്കറ്റുകള്‍ നേടിയ ശേഷമുള്ള ആഘോഷമാണ് താരത്തിന് തിരിച്ചടിയായത്. മത്സരത്തിന്‍റെ ആറാം ഓവറില്‍ മായങ്ക് അഗര്‍വാളിനെ പുറത്താക്കിയതിന് പിന്നാലെ ഫ്ലൈയിങ് കിസ് നല്‍കിയായിരുന്നു റാണ ഹൈദരാബാദ് ഓപ്പണറെ യാത്രയാക്കിയത്. പിന്നാലെ, മത്സരത്തിന്‍റെ അവസാന ഓവറിലാണ് താരം സണ്‍റൈസേഴ്‌സ് ടോപ് സ്കോററായ ക്ലാസന്‍റെ വിക്കറ്റും സ്വന്തം പേരിലാക്കിയത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഹര്‍ഷിത് റാണ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ 1 കുറ്റം രണ്ട് പ്രാവശ്യം ചെയ്‌തതായാണ് മാച്ച് റഫറി കണ്ടെത്തിയത്. കുറ്റം മത്സരശേഷം താരം അംഗീകരിക്കുകയും ചെയ്‌തിരുന്നു. ഇതോടെ, ഔദ്യോഗികമായി കൂടുതല്‍ വാദം കേള്‍ക്കാതെയായിരുന്നു അച്ചടക്ക സമിതി താരത്തിന് പിഴ ചുമത്തിയത്.
അതേസമയം, ഈഡൻ ഗാര്‍ഡൻസില്‍ നടന്ന മത്സരത്തില്‍ നാല് ഓവര്‍ പന്ത് എറിഞ്ഞ ഹര്‍ഷിത് റാണ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് നേടിയത്. തകര്‍പ്പൻ ഫോമില്‍ ബാറ്റ് വീശിയ ഹെൻറിച്ച് ക്ലാസൻ ക്രീസില്‍ നില്‍ക്കെ അവസാന ഓവറില്‍ 13 റണ്‍സ് പ്രതിരോധിച്ച് കെകെആറിന് നാല് റണ്‍സിന്‍റെ ജയം സമ്മാനിക്കാനും ഹര്‍ഷിതിന് സാധിച്ചു. മത്സരത്തില്‍ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിന് അവസാന രണ്ട് ഓവറുകളില്‍ 39 റണ്‍സായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്.
19-ാം ഓവര്‍ പന്തെറിയാനെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ഹെൻറിച്ച് ക്ലാസും ഷഹബാസ് അഹമ്മദും ചേര്‍ന്ന് 26 റണ്‍സ് അടിച്ചെടുത്തതോടെ കൊല്‍ക്കത്ത തോല്‍വി മണത്തു. എന്നാല്‍, അവസാന ഓവറില്‍ രണ്ട് വിക്കറ്റ് നേടി എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് റാണ കൊല്‍ക്കത്തയ്‌ക്ക് സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ജയമൊരുക്കുകയായിരുന്നു.