മുംബൈ : ഐപിഎല്‍ പതിനേഴാം പതിപ്പിലെ യാത്ര ജയത്തോടെ അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ വര്‍ഷം പ്ലേഓഫില്‍ കടന്ന് എലിമിനേറ്ററില്‍ പുറത്തായ ടീം ഇക്കൊല്ലം നിലവില്‍ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ്. സീസണിലെ അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ തോല്‍പ്പിച്ച് ഒരു സ്ഥാനം എങ്കിലും മെച്ചപ്പെടുത്താനായിരിക്കും ഹാര്‍ദിക് പാണ്ഡ്യയുടെയും സംഘത്തിന്‍റെയും ശ്രമം.
നടപ്പ് സീസണില്‍ മുംബൈയുടെ മോശം പ്രകടനങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളില്‍ ഒന്നാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്‌റ്റൻസി. ഐപിഎല്‍ പതിനേഴാം പതിപ്പിന് മുന്‍പ് നടന്ന പ്ലെയര്‍ ട്രേഡിങ്ങിലൂടെയാണ് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിന്‍റെ ക്യാപ്‌റ്റനായ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെത്തിച്ചത്. പിന്നാലെ, രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്നും നീക്കുകയും ഹാര്‍ദികിന് ചുമതലകള്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തുന്നതിന് മുന്‍പ് ഗുജറാത്ത് ടൈറ്റൻസിനെ രണ്ട് സീസണിലും നയിച്ചത് ഹാര്‍ദിക് ആയിരുന്നു. ആദ്യ സീസണില്‍ ഗുജറാത്തിനെ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ ഹാര്‍ദിക് രണ്ടാം വര്‍ഷം ടീമിനെ ഫൈനലിലും എത്തിച്ചു. എന്നാല്‍, ഗുജറാത്ത് നായകാനായി നടത്തിയ ഈ കുതിപ്പ് താരത്തിന് മുംബൈ കുപ്പായത്തില്‍ ആവര്‍ത്തിക്കാനായിരുന്നില്ല.
13 മത്സരങ്ങളില്‍ നാല് ജയങ്ങള്‍ മാത്രമായിരുന്നു ഹാര്‍ദിക്കിന് കീഴില്‍ മുംബൈ ഇതുവരെ നേടിയത്. ഇതോടെ സീസണില്‍ പ്ലേഓഫ് കാണാതെ ആദ്യം പുറത്താകുന്ന ടീമായും മുംബൈ മാറുകയായിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുമ്പോഴും തന്‍റെ നേതൃത്വ മികവില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് ഇപ്പോഴും ഹാര്‍ദിക് പാണ്ഡ്യ.
തന്‍റെ ക്യാപ്‌റ്റൻസി മന്ത്രം വളരെ ലളിതമാണെന്നാണ് പാണ്ഡ്യയുടെ അഭിപ്രായം. ഒരു ക്യാപ്‌റ്റൻ തന്‍റെ സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസവും പിന്തുണയും സ്നേഹവുമാണ് നല്‍കേണ്ടത്. അതിന് കഴിഞ്ഞാല്‍ തന്നെ മറ്റ് താരങ്ങള്‍ അവരുടെ 100 ശതമാനം ടീമിനായി ചെയ്യാൻ ഒരുക്കമാകുമെന്നും അത് മാത്രമാണ് താൻ ഓരോ താരങ്ങളോടും ആവശ്യപ്പെടുന്നതെന്നുമായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ അഭിപ്രായം. സ്റ്റാര്‍ സ്പോര്‍ട്‌സ് പരിപാടിയിലാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഈ പ്രതികരണം. താരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ.
Also Read : മുംബൈയ്‌ക്കൊപ്പം അവസാന മത്സരം...? വാങ്കഡെയില്‍ ശ്രദ്ധാകേന്ദ്രമായി രോഹിത് ശര്‍മ - Rohit Sharma Mumbai Indians
'എന്‍റെ ക്യാപ്‌റ്റൻസി വളരെ ലളിതമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇവിടെ ഹാര്‍ദിക് പാണ്ഡ്യ തന്‍റെ മറ്റ് 10 സഹതാരങ്ങള്‍ക്കൊപ്പമാണ് കളിക്കുന്നത്. ഇവിടെ, ക്യാപ്‌റ്റൻസി മന്ത്രവും വളരെ ലളിതമാണ്.
താരങ്ങളെ നോക്കുമ്പോള്‍ നമ്മള്‍ അവര്‍ക്ക് ആത്മവിശ്വാസം പകരണം, ഒരു വിശ്വാസം അവര്‍ക്ക് നല്‍കുന്നു, കൂടാതെ സ്നേഹവും പിന്തുണയും നല്‍കണം. അങ്ങനെയാണെങ്കില്‍ അവരുടെ നൂറ് ശതമാനം പെര്‍ഫോമൻസും നല്‍കാൻ അവര്‍ തയാറാകും. ഈ കാര്യം മാത്രമാണ് ഞാനും ആവശ്യപ്പെടുന്നത്.
മത്സരത്തിന്‍റെ ഫലത്തെ കുറിച്ചല്ല, ആ മത്സരത്തെ എങ്ങനെ ടീം സമീപിക്കുന്നു എന്നതിനെ കുറിച്ച് ചിന്തിക്കുന്ന ആളാണ് ഞാൻ. ഓരോ താരങ്ങളും ഏത് രീതിയില്‍ മത്സരത്തെ സമീപിക്കുന്നുവെന്ന് ഞാൻ നോക്കി കാണും. അത് അനുയോജ്യമാണെങ്കില്‍ ടീമിനെ സഹായിക്കുമെന്നാണ് ഞാൻ കരുതുന്നത്'- ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.