ലഖ്‌നൗ: ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകുമോ..?. ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ കഴിഞ്ഞ കുറച്ച് കാലമായി കേള്‍ക്കുന്ന ഒരു ചോദ്യമാണിത്. അടുത്തവര്‍ഷം ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലായാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ടൂര്‍ണമെന്‍റിനായുള്ള ഒരുക്കങ്ങള്‍ പാകിസ്ഥാനിലും തകൃതിയായി തന്നെ നടക്കുന്നുണ്ട്.
എന്നാല്‍, ടൂര്‍ണമെന്‍റില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പങ്കാളിത്തത്തില്‍ മാത്രമാണ് ഇപ്പോഴും അനിശ്ചിതത്വം തുടരുന്നത്. ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് വരണമെന്ന് മുൻ പാക് താരങ്ങള്‍ ഉള്‍പ്പടെ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യ വന്നില്ലെങ്കിലും ടൂര്‍ണമെന്‍റ് പാകിസ്ഥാനില്‍ തന്നെ നടത്തുമെന്ന് പറയുന്നവരും അക്കൂട്ടത്തില്‍ ഉണ്ട്.
മുൻ ഇന്ത്യൻ താരങ്ങളില്‍ നിന്നും ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായം ഉയരുന്നുണ്ട്. എന്നാല്‍, ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിന്‍റെ പാകിസ്ഥാൻ സന്ദര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല. പാകിസ്ഥാനില്‍ പോയി ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാൻ ഇന്ത്യൻ ടീം തയ്യാറാണെന്നാണ് അദ്ദേഹം പറയുന്നത്.
എന്നാല്‍, അതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി കൂടി വേണമെന്നും അദ്ദേഹം പറയുന്നു. അടുത്തിടെ നടന്ന ഉത്തര്‍പ്രദേശ് പ്രീമിയര്‍ ലീഗ് താരലേലത്തിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ രാജീവ് ശുക്ലയുടെ പ്രതികരണം ഇങ്ങനെ...
'2026ലെ ടി20 ലോകകപ്പില്‍ പങ്കെടുക്കാൻ വരുന്നതിനെ കുറിച്ച് പാകിസ്ഥാന് എന്ത് വേണമെങ്കിലും പറയാം. എന്നാല്‍, ചാമ്പ്യൻസ് ട്രോഫിക്കായി അങ്ങോട്ടേക്ക് പോകുന്നതില്‍ ഇന്ത്യൻ സര്‍ക്കാരിന്‍റെ അനുമതിക്കായാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്'- രാജീവ് ശുക്ല വ്യക്തമാക്കി.
Also Read : അടുത്ത ഏഷ്യ കപ്പ് ഇന്ത്യയില്‍; എന്താകും പാകിസ്ഥാന്‍റെ നിലപാട്...?