തിരുവനന്തപുരം: ഇതിഹാസ താരം ലയണല്‍ മെസിയും അര്‍ജന്‍റീനയും കേരളത്തിലേക്ക് വരുമെന്ന കായിക മന്ത്രി വി അബ്‌ദുറഹിമാന്‍റെ പ്രസ്‌താവനയില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിന്‍റെ ഈ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമാവുകയാണ് ലോക ചാമ്പ്യന്മാരായ അർജന്‍റീന ദേശീയ ടീമിന്‍റെ അടുത്ത വർഷത്തെ കേരള സന്ദർശനമെന്നും, ലോകം ഇതുവരെ കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസിയും നമ്മുടെ നാട്ടിൽ പന്ത് തട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫുട്ബോളിനെ എക്കാലവും ഇടനെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന നാടാണ് കേരളം. നമ്മൾ മലയാളികളുടെ അതിർവരമ്പുകൾ ഇല്ലാത്ത ഫുട്ബോൾ കമ്പം ലോക പ്രശസ്‌തവുമാണ്. കേരളത്തിന്‍റെ മാത്രമല്ല രാജ്യത്തിന്‍റെ തന്നെ കായിക ചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലായി മാറാൻ പോകുന്ന ഈ അപൂർവ്വ സന്ദർഭം കേരളത്തിലെ സ്പോർട്‌സ് പ്രേമികൾക്ക് സമ്മാനിക്കാനായത് സംസ്ഥാന സർക്കാരിന്‍റെ നിരന്തരമായ ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണെന്ന് അദ്ദേഹം കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അർജന്‍റൈൻ ടീമിന്‍റെ സന്ദർശനത്തിന്‍റെ സാമ്പത്തികച്ചെലവുകൾ വഹിക്കാനുള്ള സന്നദ്ധത കേരളത്തിലെ വ്യാപാരി സമൂഹം ഇതിനോടകം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കേരളത്തിന്‍റെ ക്ഷണത്തോട് തുടക്കം മുതൽ അനുകൂല നിലപാട് സ്വീകരിച്ച അർജന്‍റൈൻ ഫുട്ബോൾ അസോസിയേഷൻ അധികൃതർ വൈകാതെ തന്നെ കേരളത്തിലെത്തി ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നമ്മുടെ കായിക മേഖലയ്ക്ക് പുത്തനുണർവ്വാകാൻ അർജന്‍റീന ദേശീയ ടീമിന്‍റെയും മെസിയുടേയും വരവിനാകും. ലോക കായിക ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്താൻ പോകുന്ന ആ മനോഹര നിമിഷത്തിനായി നമുക്ക് കാത്തിരിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ഫേസ്‌ബുക്കില്‍ കുറിച്ചു.
Read Also: മെസി കേരളത്തിലേക്ക്; ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത, വൻ പ്രഖ്യാപനവുമായി കായിക മന്ത്രി