കൊല്‍ക്കത്ത : ഐപിഎല്‍ പതിനേഴാം പതിപ്പിലെ (IPL 2024) ആദ്യ മത്സരത്തില്‍ തന്നെ ബാറ്റുകൊണ്ട് തകര്‍പ്പൻ പ്രകടനം കാഴ്‌ച വച്ചിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ (Kolkata Knight Riders) വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ (Andre Russel). സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ (SunRisers Hyderabad) കൊല്‍ക്കത്തയുടെ ജയത്തില്‍ നിര്‍ണായക പ്രകടനമായിരുന്നു റസല്‍ ഇന്നലെ കാഴ്‌ചവച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്തയ്‌ക്കായി എട്ടാം നമ്പറില്‍ ക്രീസിലേക്ക് എത്തിയ റസല്‍ 25 പന്തില്‍ പുറത്താകാതെ 64 റണ്‍സ് അടിച്ചുകൂട്ടി.
മൂന്ന് ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു റസലിന്‍റെ വെടിക്കെട്ട് ഇന്നിങ്‌സ്. ഈ പ്രകടനത്തോടെ, ഐപിഎല്ലില്‍ അതിവേഗം 200 സിക്‌സറുകള്‍ നേടുന്ന താരമായും ആന്ദ്രേ റസല്‍ മാറി. വിന്‍ഡീസ് സ്റ്റാര്‍ ബാറ്റര്‍ ക്രിസ് ഗെയിലിന്‍റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് മറ്റൊരു കരീബിയൻ താരമായ 36കാരൻ മറികടന്നത്.
ഐപിഎല്‍ കരിയറില്‍ നേരിട്ട 1322-ാം പന്തിലാണ് റസല്‍ 200-ാം സിക്‌സ് പൂര്‍ത്തിയാക്കിയത്. റെക്കോഡിന് ഉടമയായിരുന്ന ക്രിസ് ഗെയിലാകട്ടെ 200 സിക്‌സറുകള്‍ നേടാനായി നേരിട്ടത് 1811 പന്തുകള്‍. കീറോണ്‍ പൊള്ളാര്‍ഡ് (2055), എബി ഡിവില്ലിയേഴ്‌സ് (2790), എംഎസ് ധോണി (3126), രോഹിത് ശര്‍മ (3798) എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.
അതേസമയം, ഹൈദരാബാദിനെതിരായ മത്സരത്തില്‍ നാല് റണ്‍സിന്‍റെ ജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. ഈഡൻ ഗാര്‍ഡൻസില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ കെകെആര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 207 റൺസ് നേടി. ഫില്‍ സാള്‍ട്ട് (54), ആന്ദ്രേ റസല്‍ എന്നിവരുടെ അര്‍ധസെഞ്ച്വറികളായിരുന്നു ആതിഥേയര്‍ക്ക് സീസണിലെ ആദ്യ 200+ ടോട്ടല്‍ സമ്മാനിച്ചത്.
തരക്കേടില്ലാതെയാണ് ഹൈദരാബാദ് മറുപടി ബാറ്റിങ് തുടങ്ങിയത്. ആറാം ഓവര്‍ മുതല്‍ കൊല്‍ക്കത്ത മത്സരം തിരിച്ചുപിടിച്ചു. എന്നാല്‍, ഹെൻറിച്ച് ക്ലാസന്‍റെ തകര്‍പ്പൻ ബാറ്റിങ് മത്സരത്തില്‍ സന്ദര്‍ശകര്‍ക്ക് വിജയപ്രതീക്ഷ നല്‍കി.
29 പന്തില്‍ 69 റണ്‍സാണ് ക്ലാസൻ അടിച്ചുകൂട്ടിയത്. എട്ട് സിക്‌സറുകളായിരുന്നു ക്ലാസന്‍റെ ബാറ്റില്‍ നിന്നും ഈഡൻ ഗാര്‍ഡൻസിലെ ഗാലറിയിലേക്ക് എത്തിയത്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ ക്ലാസൻ പുറത്തായതോടെ മത്സരം കൊല്‍ക്കത്ത വരുതിയിലാക്കി. കൊല്‍ക്കത്തയ്‌ക്കായി ഹര്‍ഷിത് റാണ മൂന്നും റസല്‍ രണ്ടും വിക്കറ്റുകളും നേടി.