ബാഗ്‌ദാദ് : ഇറാഖ് തലസ്ഥാനമായ ബാഗ്‌ദാദിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു. ഇന്നലെ (ഫെബ്രുവരി 7) രാത്രി നടന്ന കാർ സ്‌ഫോടനത്തിൽ സിറിയയില്‍ കതാഇബ് ഹിസ്ബുള്ളയുടെ കമാൻഡറായ അബുബക്കിർ അൽ-സാദി എന്നറിയപ്പെടുന്ന വിസാം മുഹമ്മദ് സാബിർ അൽ-സാദി ഉൾപ്പെടെ മൂന്ന് പേര്‍ മരിച്ചതായാണ് റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തിനെതിരെ നേരിട്ടുള്ള ആക്രമണം ആസൂത്രണം ചെയ്‌തയാളാണ് കൊല്ലപ്പെട്ട കതാഇബ് ഹിസ്ബുള്ള കമാൻഡറെന്ന് യുഎസ് സൈനീക വൃത്തങ്ങൾ പറഞ്ഞു (US drone strike in Baghdad kills Hezbollah commander).
കിഴക്കൻ ബാഗ്‌ദാദിലെ മാഷ്‌തൽ പരിസരത്തെ ഒരു പ്രധാന പാതയിലാണ് സ്ഫോടനം ഉണ്ടായത്. ഇറാഖിനെ മുൻകൂട്ടി അറിയിക്കാതെയാണ് തങ്ങൾ ആക്രമണം നടത്തിയതെന്നാണ് യുഎസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ആക്രമണത്തിന് പിന്നാലെ സുരക്ഷ സേന ഇറാഖിലെ ഗ്രീൻ സോൺ അടച്ചു. ഇവിടെയാണ്എംബസികൾ അടക്കമുള്ള നയതന്ത്ര കാര്യാലയങ്ങളുള്ളത്. സോഷ്യൽ മീഡിയയിലൂടെ യുഎസ് എംബസി ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന ചില പോസ്‌റ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ പിന്നാലെയാണ് നടപടി.
കമാൻഡർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചെങ്കിലും മറ്റ് മരണങ്ങൾ സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. സാധാരണ പൗരന്മാർക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്‌തിട്ടില്ലെന്നാണ് യുഎസ് വൃത്തങ്ങൾ നൽകിയ വിവരം. എന്നാൽ ഹിസ്ബുള്ള കമാൻഡർ അടക്കം മൂന്നുപേർ കൊല്ലപ്പെട്ടതായാണ് ഇറാഖിലെ ഇറാൻ പിന്തുണയുള്ള സൈനികരുമായുള്ള ബന്ധപ്പെട്ട വൃത്തങ്ങൾ പുറത്തുവിട്ട റിപ്പോർട്ട്.
അതേസമയം കമാൻഡർ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. അമേരിക്കൻ അധിനിവേശ സേനയുടെ ബോംബാക്രമണത്തെത്തുടർന്നാണ് ഇയാളുടെ മരണമെന്ന് ഹിസ്ബുള്ള പുറത്തിറക്കിയ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. അതിനിടെ യെമനിലെ ഹൂതി വിമതരുടെ മാധ്യമ വിഭാഗം ഹൊദൈദ പ്രവിശ്യയിലെ സാലിഫ് ജില്ലയിലെ റാസ് ഇസ മേഖലയിൽ രണ്ട് വ്യോമാക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്‌തു.
അടിച്ചാൽ തിരിച്ചടിക്കുമെന്ന് ബൈഡൻ: ജനുവരി 28 ന് ജോർദാനിലെ യുഎസ് സൈനിക ഔട്ട്‌പോസ്‌റ്റിൽ ഇറാൻ പിന്തുണയുള്ള തീവ്രവാദികൾ നടത്തിയ ഡ്രോൺ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യുഎസ് തിരിച്ചടി ആരംഭിച്ചത്. അക്രമണത്തിനു പിന്നാലെ പശ്ചിമേഷ്യയിൽ യുഎസ് സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും ഏതെങ്കിലും അമേരിക്കക്കാരനെ അപായപ്പെടുത്തിയാൽ രാജ്യം അത് നേരിടുമെന്നും പ്രസിഡൻ്റ് ജോ ബൈഡൻ തുറന്നടിച്ചിരുന്നു.
"യുണൈറ്റഡ് സ്‌റ്റേറ്റ്സ് മിഡിൽ ഈസ്‌റ്റിലോ ലോകത്തെ മറ്റെവിടെയെങ്കിലുമോ സംഘർഷം ആഗ്രഹിക്കുന്നില്ല. എന്നാൽ ഞങ്ങളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന എല്ലാവരും ഇത് അറിയണം, നിങ്ങൾ ഒരു അമേരിക്കക്കാരനെ ഉപദ്രവിച്ചാൽ ഞങ്ങൾ പ്രതികരിക്കും." ബൈഡൻ വ്യക്‌തമാക്കി.
യുഎസ് ആക്രമണം കടുപ്പിച്ചതോടെ കതാഇബ് ഹിസ്ബുള്ള, അമേരിക്കയ്‌ക്കെതിരായ തങ്ങളുടെ നീക്കങ്ങള്‍ താത്‌കാലികമായി നിർത്തിവയ്‌ച്ചതായി പ്രഖ്യാപിച്ചു. ഇറാഖ് സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാൻ യുഎസ് സേനയ്‌ക്കെതിരായ സൈനിക പ്രവർത്തനങ്ങൾ താത്‌കാലികമായി നിർത്തിവയ്‌ച്ചതായാണ് കതാഇബ് ഹിസ്ബുള്ള നടത്തിയ പ്രഖ്യാപനം.