ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ച നേതാക്കള്‍ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. പാകിസ്ഥാന്‍ മുസ്‌ലം ലീഗ്-നവാസ് പാര്‍ട്ടി പ്രസിഡന്‍റ് ഷെഹ്ബാസ് ഷെരീഫാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രിയും മറ്റ് തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തത്.
അസംബ്ലി സ്‌പീക്കർ രാജ പർവേസ് അഷ്‌റഫ് സത്യവാചകം ചൊല്ലി കൊടുത്തു. സഹോദരന്‍ നവാസ് ഷെരിഫിനൊപ്പമാണ് ഷെഹ്‌ബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ഇരുവരും പാക് മുന്‍ പ്രധാനമന്ത്രിമാരായിരുന്നു.
നിലവില്‍ തടവില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പിടിഐ പാര്‍ട്ടി നേതാക്കള്‍ വന്‍ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. ഇതിനിടെയാണ് പാകിസ്ഥാനിലെ പുതിയ സര്‍ക്കാര്‍ രൂപീകരണം. പാകിസ്ഥാനില്‍ നടന്നത് കള്ള തെരഞ്ഞെടുപ്പാണെന്ന് ആരോപിച്ചാണ് പിടിഐ നേതാക്കള്‍ പ്രതിഷേധം കടുപ്പിച്ചത്. അതേസമയം ഷരീഫ് നീണാള്‍ വാഴട്ടെ എന്ന മുദ്രാവാക്യവുമായി പാര്‍ട്ടി നേതാക്കളെത്തി. ഇതോടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ചെയര്‍മാനായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും സംഘവും മുദ്രാവാക്യവുമായി അവര്‍ക്കൊപ്പം ചേര്‍ന്നു.
തീവ്രവാദ ആക്രമണങ്ങള്‍, ഊര്‍ജ ക്ഷാമം തുടങ്ങിയ നിരവധി പ്രതിസന്ധികളെ പുതിയ സര്‍ക്കാര്‍ നേരിടേണ്ടി വരും. ഇത്തരം പ്രശ്‌നങ്ങള്‍ യുക്തിപരമായി തന്നെ പുതിയ സര്‍ക്കാര്‍ നേരിടുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാനിലെ ജനങ്ങളും. പാര്‍ലമെന്‍റിന് അകത്തും പുറത്തും നടക്കുന്ന തെരഞ്ഞെടുപ്പുകളിലെ കൃത്രിമത്വത്തിനെതിരായ പ്രതിഷേധം ഇനിയും തുടരുമെന്ന് പിടിഐ നേതാക്കള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇതിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുമെന്ന് പിടിഐ നേതാവായ ഗോഹര്‍ അലി ഖാന്‍ പറഞ്ഞു. ശനിയാഴ്‌ച (മാര്‍ച്ച് 2) പ്രതിഷേധ റാലികള്‍ നടത്താനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുന്നത് തടയാന്‍ നിരവധി മണ്ഡലങ്ങളിലെ ഫലങ്ങള്‍ മാറ്റി മറിക്കപ്പെട്ടിട്ടുണ്ടെന്നും പിടിഐ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
വോട്ടെടുപ്പ് നടന്ന ഫെബ്രുവരി 8ന് വിവിധ ഇടങ്ങളില്‍ തീവ്രവാദ ആക്രമണങ്ങള്‍ ഉണ്ടായി. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ വോട്ടെടുപ്പ് നടത്തിയ ഉദ്യോഗസ്ഥരെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് പ്രശംസിച്ചു. എന്നാല്‍ ഏതാനും ചില രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്തതിനെ യൂറോപ്യന്‍ യൂണിയന്‍ വിമര്‍ശിക്കുകയും ചെയ്‌തു. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ രീതിയിലാണ് വോട്ടെടുപ്പ് നടന്നതെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വിമര്‍ശനങ്ങള്‍ക്ക് മറുപടിയും നല്‍കി.