മാലെ (മാലദ്വീപ്): ഇന്ത്യ സംഭാവന ചെയ്‌ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിവുള്ളവർ രാജ്യത്തെ പ്രതിരോധ സേനയിലില്ലെന്ന് മാലദ്വീപ് പ്രതിരോധ മന്ത്രി ഗസൻ മൗമൂൺ. 76 ഇന്ത്യൻ സൈനികര്‍ മാലദ്വീപില്‍ നിന്നും പിൻവാങ്ങി ദിവസങ്ങള്‍ക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഇന്നലെ പ്രസിഡന്‍റിന്‍റെ വസതിയില്‍ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മാലദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്‌സിന് (എംഎൻഡിഎഫ്) ഇപ്പോഴും വിമാനം പ്രവർത്തിപ്പിക്കാൻ കഴിവുള്ള സൈനികർ ഇല്ലെന്ന് പ്രതിരോധ മന്ത്രി മൗമൂൺ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞതായി മാലിദ്വീപ് ആസ്ഥാനമായുള്ള അദാധു റിപ്പോർട്ട് ചെയ്‌തു. മുൻ സർക്കാരുകൾ രൂപീകരിച്ച കരാറുകൾ പ്രകാരം ഡോർണിയറും രണ്ട് ഹെലികോപ്റ്ററുകളും പറത്താൻ ചില സൈനികർ പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും നിലവിൽ വിമാനം പ്രവർത്തിപ്പിക്കാൻ കഴിവുള്ള സൈനികർ മാലദ്വീപിൽ ഇല്ലെന്നുമായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
"ഇത് അനേകം ഘട്ടങ്ങൾ കടന്നുപോകേണ്ട പരിശീലനമാണ്, അതിനാൽ വിവിധ കാരണങ്ങളാൽ ഞങ്ങളുടെ സൈനികർ അത് പൂർത്തിയാക്കിയിരുന്നില്ല. എഎച്ച്എൽ പ്ലാറ്റ്‌ഫോമുകളും ഡോർണിയറും പറത്താൻ ലൈസൻസുള്ളവരോ പൂർണമായും പ്രവർത്തനക്ഷമമോ ആയ ആളുകൾ ഇപ്പോൾ ഞങ്ങളുടെ സേനയിൽ ഇല്ല'- മന്ത്രി വ്യക്തമാക്കി.
ഇതിനിടെ എംഎൻഡിഎഫിൽ (Maldives National Defence Force) 'പ്രാപ്‌തിയുള്ള പൈലറ്റുമാരുണ്ടായിരുന്നു' എന്ന് നിലവിലെ ഭരണത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ഇവർ മുൻ സർക്കാരിനെ വിമർശിക്കുകയും ചെയ്‌തതായി അദാധു റിപ്പോർട്ട് ചെയ്‌തു. മുൻ പ്രസിഡൻ്റുമാരായ മുഹമ്മദ് നഷീദിൻ്റെയും അബ്‌ദുല്ല യമീൻ്റെയും സർക്കാരുകളുടെ കാലത്ത് സംഭാവന ചെയ്‌ത ഹെലികോപ്റ്ററുകളും മുൻ പ്രസിഡൻ്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിൻ്റെ സർക്കാരിൻ്റെ കാലത്ത് കൊണ്ടുവന്ന ഡോർണിയർ വിമാനവുമായി ബന്ധപ്പെട്ട് മാലദ്വീപുകാരുടെ പരിശീലനമാണ് രാജ്യത്തേക്കുള്ള ഇന്ത്യൻ സൈനികരുടെ വരവിന് പ്രധാന കാരണം.
അതേസമയം, ഇന്ത്യൻ സൈനികർക്ക് പകരം സിവിലിയൻമാരെ നിയമിക്കാനുള്ള കരാറിൽ പ്രാദേശിക പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രി സമീർ പറഞ്ഞു. സൈനിക ഹെലികോപ്റ്ററും ഡോർണിയർ വിമാനവും പ്രവർത്തിപ്പിക്കുന്നതിന് മാലദ്വീപിൽ 89 ഇന്ത്യൻ സൈനികരുണ്ടെന്ന് രേഖകൾ കാണിക്കുന്നതായി മാലദ്വീപ് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് പ്രകാരം ഇന്ത്യ സംഭാവനയായി നൽകിയ വിമാനങ്ങൾ പ്രധാനമായും മെഡിക്കൽ ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്.
നേരത്തെ മെയ് 10 ന് വിദേശകാര്യ മന്ത്രാലയം മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കുകയും ദ്വീപസമൂഹത്തിലേക്ക് യോഗ്യരായ വ്യക്തികളുടെ ഡെപ്യൂട്ടേഷൻ സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു. മുഹമ്മദ് മുയിസുവിൻ്റെ നേതൃത്വത്തിലുള്ള മാലദ്വീപ് സർക്കാരാണ് നേരത്തെ മാലിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി അഭ്യർഥിച്ചത്. മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈനികരെ നീക്കം ചെയ്യുക എന്നത് മുയിസുവിൻ്റെ പാർട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണവുമായിരുന്നു. മുഹമ്മദ് മുയിസു അധികാരമേറ്റത് മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു.
READ MORE: ഇന്ത്യന്‍ സൈനികരെ പൂര്‍ണമായും പിൻവലിച്ചു; സ്ഥിരീകരിച്ച് മാലദ്വീപ് സര്‍ക്കാര്‍