ലണ്ടൻ : സർക്കാരിനെയും പുതിയ ഹൗസ് ഓഫ് കോമൺസിനെയും തെരഞ്ഞെടുക്കാന്‍ ബ്രിട്ടണിലെ ദശലക്ഷക്കണക്കിന് വോട്ടർമാര്‍ വ്യാഴാഴ്‌ച പോളിങ് ബൂത്തിലേക്ക് എത്തുകയാണ്. 650 നിയമ നിർമ്മാതാക്കളെയാണ് ബ്രിട്ടണ്‍ തെരഞ്ഞെടുക്കുന്നത്. ഏറ്റവും കൂടുതൽ നിയമനിർമ്മാതാക്കളെ സഭയിലേക്ക് എത്തിക്കുന്ന പാർട്ടിയുടെ നേതാവാകും പ്രധാനമന്ത്രി.
14 വർഷമായി കണ്‍സര്‍വേറ്റീവ്‌സിന്‍റെ ഭരണത്തിന്‍ കീഴിലിരിക്കുന്ന ബ്രിട്ടണിലെ നിലവിലെ പ്രധാനമന്ത്രി ഋഷി സുനക് ലെഫ്റ്റ് ഓഫ് സെന്‍റർ ലേബറിനോട് പരാജയപ്പെടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
പരമ്പരാഗതമായി ബ്രിട്ടീഷ് രാഷ്‌ട്രീയത്തിൽ കൺസർവേറ്റീവുകളും ലേബര്‍ പാര്‍ട്ടിയുമാണ് ആധിപത്യം പുലർത്തുന്നത്. ആയതിനാല്‍ ചെറു പാർട്ടികൾക്ക് പാർലമെന്‍റിൽ പ്രാതിനിധ്യം നേടുന്നത് ബുദ്ധിമേറിയ കാര്യമാണ്. എങ്കിലും ലിബറൽ ഡെമോക്രാറ്റുകൾ, റിഫോം യുകെ, സ്‌കോട്ടിഷ് നാഷണൽ പാർട്ടി, ഗ്രീൻസ് എന്നിവരും മത്സര രംഗത്തുണ്ട്.
ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന പാർട്ടികൾ, അവരുടെ നേതാക്കള്‍ എന്നിവയെ പറ്റി നോക്കാം:
- കൺസർവേറ്റീവ്സ്
നേതാവ് - പ്രധാനമന്ത്രി ഋഷി സുനക്
ലിസ് ട്രസിന്‍റെ ഹ്രസ്വകാല ഭരണത്തിന് ശേഷം രാജ്യത്തെ സമ്പദ്‌വ്യവസ്ഥ പ്രക്ഷുബ്‌ധമായ ഘട്ടത്തിലാണ് കൺസർവേറ്റീവ് പാർട്ടി നേതാവ് ഋഷി സുനക് 2022 ഒക്‌ടോബറിൽ അധികാരത്തിൽ വന്നത്. ഓക്‌സ്‌ഫോർഡ് ബിരുദധാരിയും മുൻ ഗോൾഡ്‌മാൻ സാച്ച്‌സ് ഹെഡ്‌ജ് ഫണ്ട് മാനേജരുമാണ് സുനക്. ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായ ആദ്യത്തെ ഇന്ത്യന്‍ വംശജനും ഹിന്ദുവുമാണ് അദ്ദേഹം. ഇത്തവണയും വിജയം ഉറപ്പാണ് എന്നാണ് സുനക് പറയുന്നത്. എന്നാൽ അദ്ദേഹത്തിന് രാഷ്‌ട്രീയ വിവേചനമില്ലെന്നും സാധാരണ വോട്ടർമാരുമായി ബന്ധമില്ലെന്നുമാണ് വിമർശകർ പറയുന്നത്.
പാര്‍ട്ടിയുടെ വാഗ്‌ദാനങ്ങള്‍ എന്തൊക്കെ?
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 365 സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയത്. ശക്തമായ സമ്പദ്‌വ്യവസ്ഥയും പ്രതിവർഷം ഏകദേശം 17 ബില്യൺ പൗണ്ട് നികുതി ഇളവുമാണ് കണ്‍സര്‍വേറ്റീവ്‌സിന്‍റെ വാഗ്‌ദാനം. നാണയപ്പെരുപ്പത്തേക്കാൾ പൊതുജനാരോഗ്യ ചെലവ് വർദ്ധിപ്പിക്കുക, 2030-ഓടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 2.5% ആയി ഉയർത്തുക ചെയ്യുമെന്ന് കണ്‍സര്‍വേറ്റീവ് പാർട്ടി വാഗ്‌ധാനം ചെയ്യുന്നു. ഇമിഗ്രേഷൻ നമ്പറുകൾ പരിമിതപ്പെടുത്താനും റുവാണ്ടയിലേക്ക് അഭയം തേടുന്ന ചിലരെ നീക്കം ചെയ്യാനും പാർട്ടി പദ്ധതിയിടുന്നുണ്ട്.
ലേബർ പാര്‍ട്ടി
നേതാവ് - കെയർ സ്റ്റാർമർ
ഇംഗ്ലണ്ടിലെയും വെയിൽസിലെയും മുൻ ചീഫ് പ്രോസിക്യൂട്ടറായ കെയർ സ്‌റ്റാർമർ (61) ബ്രിട്ടനില്‍ ജനകീയനായ നേതാവാണ്. മുൻ നേതാവ് ജെറമി കോർബിന്‍റെ കൂടുതൽ പ്രത്യക്ഷമായ സോഷ്യലിസ്‌റ്റ് നയങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റാനും ആഭ്യന്തര ഭിന്നതകൾ ഇല്ലാതാക്കാനും സ്‌റ്റാർമർ കഠിനമായി പരിശ്രമിച്ചു. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനത്തില്‍ വിമര്‍ശനമുണ്ടെങ്കിലും സ്‌റ്റാര്‍മറിന്‍റെ നേതൃത്വത്തിലാണ് ലേബർ പാര്‍ട്ടിയുടെ ജനപ്രീതി വർധിച്ചത്.
ലേബര്‍ പാര്‍ട്ടിയുടെ വാഗ്‌ദാനങ്ങള്‍ ?
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 202 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടി നേടിയത്. സമ്പത്ത് ഉത്‌പാദനം പ്രോത്സാഹിപ്പിക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, 10 വർഷത്തെ ഇൻഫ്രാസ്ട്രക്‌ചർ പദ്ധതിയിലൂടെ റെയിൽവേ പോലുള്ള ബ്രിട്ടന്‍റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ലേബര്‍ പാര്‍ട്ടിയുടെ വാഗ്‌ദാനം.
ഊർജ സുരക്ഷ വർധിപ്പിക്കുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള ക്ലീൻ പവർ കമ്പനി, എണ്ണ, വാതക ഭീമൻമാർക്ക് വിൻഡ്‌ഫാൾ ടാക്‌സ്, സർക്കാർ സ്‌കൂളുകളിലെ അധ്യാപകർക്ക് പണം നൽകാനായി സ്വകാര്യ സ്‌കൂളുകൾക്ക് നികുതി ഏര്‍പ്പെടുത്തല്‍ തുടങ്ങിയ ആശയങ്ങളും ലേബര്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്നു.
ലിബറൽ ഡെമോക്രാറ്റ്സ്
നേതാവ് - എഡ് ഡേവി
58 കാരനായ ഡേവി ആദ്യമായി പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 1997-ലാണ്. മുൻ സാമ്പത്തിക ഗവേഷകനായ അദ്ദേഹം 2012 മുതൽ 2015 വരെ കൺസർവേറ്റീവ്-ലിബറൽ ഡെമോക്രാറ്റ് സഖ്യത്തിന് കീഴിൽ ഗവൺമെന്‍റുകളുടെ ഊർജ, കാലാവസ്ഥ വ്യതിയാന സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 11 സീറ്റ് നേടിയാണ് ലിബറൽ ഡെമോക്രാറ്റ്സ് വിജയിച്ചത്. വീട്ടിൽ സൗജന്യ നഴ്‌സിങ് കെയർ അവതരിപ്പിക്കുന്നതുൾപ്പെടെ ബ്രിട്ടന്‍റെ ആരോഗ്യ, സാമൂഹിക പരിചരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുമെന്നാണ് ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ വാഗ്‌ദാനം. മലിനജലം വലിച്ചെറിയുന്ന വാട്ടർ കമ്പനികൾക്കെതിരെ കർശന നടപടി. വോട്ടിങ് പ്രായം 16 ആയി കുറയ്ക്കല്‍, യൂറോപ്യൻ യൂണിയന്‍ വിപണിയിലേക്കുള്ള മടക്കം എന്നിവയും പാര്‍ട്ടിയുടെ വാഗ്‌ദാനത്തിലുണ്ട്.
റിഫോം യുകെ
നേതാവ് - നൈജൽ ഫാരേജ്
ബ്രിട്ടീഷ് രാഷ്‌ട്രീയത്തിലെ തീപ്പൊരി നേതാവായ ഫാരേജ്, തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് മുതൽ യാഥാസ്ഥിതികർക്ക് കടുത്ത തലവേദന സൃഷ്‌ടിച്ചു. 60-കാരനായ ഫാരേജ് തന്‍റെ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ കൊണ്ട് വാര്‍ത്തയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ബ്രെക്‌സിറ്റിന്‍റെ പ്രധാന വക്താവായ ഫാരേജ്, കുടിയേറ്റം വെട്ടിക്കുറയ്ക്കാനും 'ബ്രിട്ടീഷ് മൂല്യങ്ങളിൽ' ശ്രദ്ധ കേന്ദ്രീകരിക്കാനും നിരന്തരം ആഹ്വാനം ചെയ്യുന്ന വ്യക്തിയാണ്. നിരാശരായ നിരവധി യാഥാസ്ഥിതിക വോട്ടർമാരെ തന്‍റെ വാഗ്‌ദാനങ്ങളിലൂടെ സ്വാധീനിക്കുന്നതാണ്. മുമ്പ് ഏഴ് തവണ പാർലമെന്‍റിലേക്ക് മത്സരിച്ചെങ്കിലും അദ്ദേഹം വിജയിച്ചില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റില്‍ പോലും വിജയിക്കാന്‍ റിഫോം യുകെ പാര്‍ട്ടിക്ക് ആയിട്ടില്ല. എന്നാല്‍ മുൻ കൺസർവേറ്റീവ് പാർട്ടി ഡെപ്യൂട്ടി ചെയർ ലീ ആൻഡേഴ്സൺ റിഫോം പാര്‍ട്ടിയിലേക്ക് കൂറുമാറിയിരുന്നു.
വാഗ്‌ദാനങ്ങള്‍ എന്തൊക്കെ ?
എല്ലാ അനിവാര്യമല്ലാത്ത കുടിയേറ്റങ്ങളും മരവിപ്പിക്കുകയും വിദേശ വിദ്യാർഥികളോടൊപ്പം അവരുടെ ആശ്രിതരെ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് റിഫോം യുകെ പാര്‍ട്ടി വാഗ്‌ദാനം ചെയ്യുന്നു.
മനുഷ്യാവകാശങ്ങൾ സംബന്ധിച്ച യൂറോപ്യൻ കൺവെൻഷൻ ഉപേക്ഷിച്ച് അഭയം തേടുന്നവരെ കോടതികളിൽ നിന്നുള്ള ഇടപെടലില്ലാതെ നാടുകടത്തുക തുടങ്ങിയ പദ്ധതികളും പാര്‍ട്ടി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്എൻപി)
നേതാവ് - ജോൺ സ്വിന്നി
60 കാരനായ സ്വിന്നി, മെയ് മാസത്തിലാണ് എസ്എന്‍പി നേതാവായത്. ഒരു വർഷത്തിനുള്ളിൽ എസ്എൻപിയുടെ തലപ്പത്ത് വന്ന മൂന്നാമത്തെ നേതാവാണ് അദ്ദേഹം. സ്‌കോട്ട്‌ലൻഡിൽ ദീർഘകാലം സേവനമനുഷ്‌ഠിച്ച ഫസ്‌റ്റ് മിനിസ്‌റ്റർ നിക്കോള സ്‌റ്റർജനെതിരെ ചില അന്വേണങ്ങള്‍ ഉണ്ടായതിന് പിന്നാലെയാണ് അദ്ദേഹം എസ്എന്‍പി സ്ഥാനമൊഴിയുന്നത്.
ഈ സ്ഥാനത്തേക്കാണ് ജോണ്‍ സ്വിന്നി എത്തിയത്. സ്‌റ്റര്‍ജന്‍റെ രാജിക്ക് പിന്നാലെ പ്രക്ഷുബ്‌ധമായ പാർട്ടിയിൽ സ്ഥിരത കൊണ്ടുവരാൻ സ്വിന്നി കഠിനമായി ശ്രമിച്ചിരുന്നു. 15-ാം വയസിലാണ് സ്വിന്നി പാർട്ടിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.
വാഗ്‌ദാനങ്ങള്‍ എന്തൊക്കെ ?
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 48 സീറ്റുകളാണ് എസ്എന്‍പി നേടിയത്. തന്‍റെ പാർട്ടി സ്‌കോട്ട്ലൻഡിൽ ഭൂരിപക്ഷം സീറ്റുകളും നേടിയാൽ സ്‌കോട്ടിഷ് സ്വാതന്ത്ര്യ ചർച്ചകൾ യുകെ സർക്കാരുമായി നടത്തുമെന്നാണ് സ്വിന്നിയുടെ പ്രധാന വാഗ്‌ദാനം. യൂറോപ്യൻ യൂണിയനിലേക്കുള്ള മടക്കവും യൂറോപ്യൻ സിംഗിൾ മാർക്കറ്റ് പുനരാരംഭിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.
പൊതുജനാരോഗ്യ ഫണ്ടിങ് വർധിപ്പിക്കാനും യുകെയുടെ സ്‌കോട്ട്‌ലൻഡ് ആസ്ഥാനമായുള്ള ആണവ പ്രതിരോധം ഒഴിവാക്കാനും ഗാസയിൽ ഉടനടി വെടിനിർത്തൽ നടപ്പിലാക്കാനും സ്വിന്നി ആവശ്യപ്പെട്ടു.
ഗ്രീൻ പാർട്ടി
നേതാവ് - കാർല ഡെനിയര്‍, അഡ്രിയാൻ റാംസെ
മെക്കാനിക്കൽ എഞ്ചിനീയറായ ഡെനിയർ 2011-ൽ ഗ്രീൻസിൽ ചേരുന്നതിന് മുമ്പ് വിന്‍ഡ് എനര്‍ജിയിൽ ജോലി ചെയ്‌തിരുന്നു. 38-കാരിയായ കാർല ഡെനിയര്‍ ഒമ്പത് വർഷം തെക്ക് പടിഞ്ഞാറൻ ഇംഗ്ലീഷ് നഗരമായ ബ്രിസ്‌റ്റോളിൽ പ്രാദേശിക രാഷ്‌ട്രീയക്കാരിയായി സേവനമനുഷ്‌ഠിച്ചു. പരിസ്ഥിതി സംബന്ധമായ ചാരിറ്റികളിൽ പ്രവർത്തിക്കുന്ന രാഷ്‌ട്രീയക്കാരനായ റാംസെയ്‌ക്കൊപ്പം 2021-ൽ ആണ് ഡെനിയ ഗ്രീൻസിന്‍റെ സഹ-നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.
പാര്‍ട്ടിയുടെ വാഗ്‌ദാനങ്ങള്‍ എന്തൊക്കെ ?
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റാണ് പാര്‍ട്ടിക്ക് നേടാനായത്. 2040-ഓടെ യുകെയില്‍ പൂര്‍ണമായും ആണവോർജ്ജം നിർത്തലാക്കുമെന്നാണ് ഗ്രീന്‍ പാര്‍ട്ടിയുടെ പ്രധാന വാഗ്‌ദാനം. വീടുകൾ ഇൻസുലേറ്റ് ചെയ്യുന്നതിനായി പ്രതിവർഷം 24 ബില്യൺ പൗണ്ടിന്‍റെ നിക്ഷേപം, ഹരിത സമ്പദ്‌വ്യവസ്ഥയിൽ 40 ബില്യൺ പൗണ്ടിന്‍റെ നിക്ഷേപം, അതിസമ്പന്നർക്കുള്ള നികുതി, ഉയർന്ന വരുമാനക്കാർക്ക് ആദായ നികുതി വർദ്ധനവ് എന്നിവയും ഗ്രീന്‍ പാര്‍ട്ടി വാഗ്‌ദാനം ചെയ്യുന്നു.