ഹൈദരാബാദ്: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നടി ഉർവശി റൗട്ടേലയ്ക്ക് ഗുരുതര പരിക്ക്. നന്ദമൂരി ബാലകൃഷ്‌ണ നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ സെറ്റിൽ വച്ചായിരുന്നു അപകടം. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു നടിയ്‌ക്ക് പരിക്കേറ്റത്. ഉർവശിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് റിപ്പോർട്ട്.
അപകട വിവരം ഉർവശി റൗട്ടേലയുടെ ടീം സ്ഥിരീകരിച്ചു. എല്ലിന് പൊട്ടലുണ്ടെന്നും മികച്ച ചികിത്സയാണ് ഉർവശിക്ക് നൽകിവരുന്നതെന്നും അവർ അറിയിച്ചു. നന്ദമൂരി ബാലകൃഷ്‌ണയുടെ 109-ാം ചിത്രത്തിന്‍റെ മൂന്നാം ഷെഡ്യൂളിനായി താരം അടുത്തിടെ ഹൈദരാബാദിൽ എത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതേസമയം എൻബികെ 109 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ബോബി കൊല്ലിയാണ് സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാനും ചിത്രത്തിൽ ഒരു മുഖ്യവേഷത്തിലുണ്ടെന്നാണ് റിപ്പോർട്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരങ്ങളായ ബോബി ഡിയോൾ, ചാന്ദിനി ചൗധരി എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്.
സിതാര എന്‍റർടെയിൻമെന്‍റും ശ്രീകര സ്‌റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംഗീതം ഒരുക്കുന്നത് തമൻ ആണ്. ചിരഞ്ജീവിയുടെ വാൾട്ടയർ വീരയ്യ, പവൻ കല്യാണിൻ്റെ ബിആർഒ, അഖിൽ അക്കിനേനിയുടെ ഏജൻ്റ് തുടങ്ങിയ ചിത്രങ്ങളിലെ ഡാൻസ് നമ്പറുകളിലൂടെ ടോളിവുഡിൽ തരംഗമായ നടിയാണ് ഉർവശി റൗട്ടേല.
എൻബികെ 109 കൂടാതെ, അക്ഷയ് കുമാറിനൊപ്പം വെൽക്കം ടു ദി ജംഗിൾ, സണ്ണി ഡിയോളും സഞ്ജയ് ദത്തും അഭിനയിച്ച ബാപ് (ഹോളിവുഡ് ബ്ലോക്ക്ബസ്‌റ്റർ എക്‌സ്‌പെൻഡബിൾസിൻ്റെ റീമേക്ക്), രൺദീപ് ഹൂഡ അവതരിപ്പിക്കുന്ന ഇൻസ്പെക്‌ടർ അവിനാഷ് 2, ബ്ലാക്ക് റോസ് എന്നിവയുൾപ്പെടെ നിരവധി പ്രോജക്റ്റുകളുടെ തിരക്കിലാണ് ഉർവശി. മാത്രമല്ല അടുത്തിടെ ജെഎൻയു എന്ന് പേരിട്ട ചിത്രത്തിൽ കോളജ് രാഷ്ട്രീയക്കാരിയുടെ വേഷവും ഉർവശി ചെയ്‌തു.
Also Read: വൈജയന്തി മൂവീസുമായി കൈകോര്‍ക്കാന്‍ ദുൽഖർ സല്‍മാന്‍; പവൻ സദിനേനി ചിത്രം അണിയറയില്‍