വിഷ്‌ണു മഞ്ചു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യന്‍ ആക്ഷൻ ചിത്രം 'കണ്ണപ്പ'യിൽ പ്രഭാസും ഭാഗമാകുന്നു. മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ഈ ചിത്രം പരമശിവൻ്റെ ഭക്തനായ കണ്ണപ്പയുടെ അചഞ്ചലമായ ഭക്തിയെ ആധാരമാക്കിയാണ് ഒരുങ്ങുന്നത്. അക്ഷയ് കുമാർ, മോഹൻലാൽ, മോഹൻ ബാബു, ശരത് കുമാർ, ബ്രഹ്മാനന്ദം എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട് ചിത്രത്തില്‍.
"എന്‍റെ പ്രിയ സുഹൃത്ത് പ്രഭാസിനൊപ്പം വിവിധ ഭാഷങ്ങളിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നതോടെ 'കണ്ണപ്പ' പൂർണമായും പാൻ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ്. പ്രഭാസിന്‍റെ അഭിനയ മികവിനെയും തന്‍റെ കഥാപാത്രങ്ങളെ പൂർണതയിൽ എത്തിക്കാനായി അദ്ദേഹം നടത്തുന്ന പരിശ്രമങ്ങളെയും ഞാൻ വളരെയധികം അഭിനന്ദിക്കുന്നു. അക്ഷയ് കുമാറും മോഹൻലാൽ സാറും ഉൾപ്പെടുന്ന ഈ ചിത്രത്തിലേക്കുള്ള പ്രഭാസിന്‍റെ കൂടിച്ചേരൽ സിനിമയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.
അഭിനേതാക്കൾ അവരുടെ അതുല്യമായ കഴിവുകള്‍ പ്രകടിപ്പിക്കുമ്പോൾ രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന അവിസ്‌മരണീയമായ ഒരു സിനിമാറ്റിക് അനുഭവമായിരിക്കും 'കണ്ണപ്പ' എന്ന് ഉറപ്പു നൽകുന്നു"- വിഷ്‌ണു മഞ്ചു പ്രതികരിച്ചു.
പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'കണ്ണപ്പ'. കെട്ടുറപ്പുള്ള തിരക്കഥയും മികച്ച ദൃശ്യാവിഷ്‌കാരവും ഒന്നിക്കുന്ന ഈ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ വർഷം ശ്രീകാളഹസ്‌തീശ്വര ക്ഷേത്രത്തിൽ വച്ചാണ് നടന്നത്. തെലുഗു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഷെൽഡൻ ചൗ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ കൊറിയോഗ്രഫറായി എത്തുന്നത് തമിഴകത്തിന്‍റെ സ്വന്തം പ്രഭുദേവയാണ്.