അയോധ്യയിലെ (Ayodhya) രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ് പുതിയ യുഗത്തിന്‍റെ തുടക്കത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത് (Kangana Ranaut). രാമക്ഷേത്രത്തിലേത് വെറുമൊരു പ്രതിമയല്ല, മറിച്ച അഗാധമായ ബോധത്തിന്‍റെ മൂർത്തീഭാവമാണ്. അതിരുകളില്ലാത്ത സന്തോഷം തോന്നുന്നു. ഭാരതത്തിന്‍റെ ഒരു പുതിയ അധ്യായത്തിന് ഈ സംഭവം തുടക്കം കുറിക്കുന്നു എന്നാണ് വിശ്വസിക്കുന്നതെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.
ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടതിലുള്ള ആവേശവും ശ്രീരാമനോടുള്ള ഭക്തിയും കങ്കണ പ്രകടിപ്പിച്ചു. രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ കഴിയുന്നത് മുൻ ജന്മത്തിലെ കർമഫലമാണ്. ഇത് മുഴുവൻ രാജ്യത്തിന്‍റെയും ഭാഗ്യ നിമിഷമാണെന്നും അവർ പറഞ്ഞു.
2024 ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങ് (Inauguration of Ram Mandir). പ്രതിഷ്‌ഠ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളുടെ പട്ടികയിൽ മുൻനിര സിനിമ താരങ്ങൾ, വ്യവസായികൾ, കായിക താരങ്ങൾ, നയന്ത്രജ്ഞർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള നിരവധി വ്യക്തികളെ ക്ഷണിച്ചിട്ടുണ്ട്. മോഹൻലാൽ (Mohanlal), അമിതാഭ് ബച്ചൻ (Amitabh Bachchan), ചിരഞ്ജീവി (Chiranjeevi), അജയ് ദേവ്ഗൺ (Ajay Devgn), അക്ഷയ് കുമാർ (Akshay Kumar), അല്ലു അർജുൻ (Allu Arjun), അനുപം ഖേർ (Anupam Kher), രാം ചരൺ (Ram Charan), രജനീകാന്ത് (Rajinikanth), രൺബീർ കപൂർ (Ranbir Kapoor), ആലിയ ഭട്ട് (Alia Bhatt), അനുഷ്‌ക ശർമ (Anushka Sharma), വിരാട് കോലി (Virat Kohli), റിഷബ് ഷെട്ടി (Rishab Shetty), ആയുഷ്‌മാൻ ഖുറാന (Ayushmann Khurrana) തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്.
ഇവരെ കൂടാതെ, സരോദ് സംഗീതജ്ഞൻ അംജദ് അലി, ഗാനരചയിതാവും കവിയുമായ മനോജ് മുൻതാഷിർ, ഗാനരചയിതാവും എഴുത്തുകാരനുമായ പ്രസൂൺ ജോഷി, സംവിധായകരായ സഞ്ജയ് ബൻസാലി, ചന്ദ്രപ്രകാശ് ദ്വിവേദി എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ശതകോടീശ്വരൻ മുകേഷ് അംബാനി, അമ്മ കോകില ബെൻ, ഭാര്യ നീത അംബാനി, മക്കളായ ആകാശ്, അനന്ത്, മരുമക്കളായ ശ്ലോക, രാധിക, ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാന്‍ കുമാർ, മംഗളം ബിർള, ഭാര്യ നിർജ, പിരാമൽ ഗ്രൂപ്പ് ചെയർമാൻ അജയ് പിരാമൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ആനന്ദ് മഹീന്ദ്ര, ഡിസിഎം ശ്രീറാമിന്‍റെ അജയ് ശ്രീറാം, ടിസിഎസ് സിഇഒ കെ കൃതിവാസൻ തുടങ്ങിയവരും ക്ഷണിക്കപ്പെട്ട പ്രമുഖ വ്യവസായികളുടെ പട്ടികയിലുണ്ട്.