ബെന്യാമിന്‍റെ അതിപ്രശസ്‌ത നോവലിനെ ആസ്‌പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചിത്രം 'ആടുജീവിതം' ഒടിടിയിലേക്ക്. നാളെ (ജൂലൈ 17) നെറ്റ്ഫ്ലിക്‌സില്‍ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രമെത്തും. ആഗോളതലത്തിൽ 150 കോടിയിലധികം കരസ്ഥമാക്കി ബോക്സോഫിസിൽ മിന്നും പ്രകടനമാണ് ചിത്രം കാഴ്‌ചവച്ചത്.
വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ ഇക്കഴിഞ്ഞ മാർച്ച് 28നായിരുന്നു സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്‌തത്. മികച്ച പ്രേക്ഷക പിന്തുണയോടെ ചിത്രം പല ഭാഷകളിലും വിജയമായി. റിലീസിന് ശേഷം ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം ഒടിടിയിലേക്കെത്തുന്നത്.
2008ൽ ബ്ലെസി സിനിമയുടെ പണിപ്പുരയിലേക്ക് കടന്നെങ്കിലും 2018ലാണ് ചിത്രീകരണം ആരംഭിച്ചത്. ഏറെ നാളുകള്‍ നീണ്ട ചിത്രീകരണം പൂര്‍ത്തിയായത് കഴിഞ്ഞ വർഷം ജൂലൈ 14നാണ്. ജോർദാനിലായിരുന്നു കൂടുതലും ഷൂട്ടിങ് നടന്നത്. പൃഥ്വിരാജാണ് ചിത്രത്തിൽ നജീബ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. പൃഥ്വിരാജിന്‍റെയും ബ്ലെസിയുടെയും കരിയറിലെ ഏറ്റവും വലിയ സിനിമ കൂടിയാണ് 'ആടുജീവിതം'.
അമല പോൾ നായികയായ ചിത്രം വിഷ്വൽ റൊമാൻസിന്‍റെ ബാനറിലാണ് എത്തിയത്. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, കെആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവനേകിയത്.
ALSO READ: വിവാദങ്ങളോട് മൗനം; ജോഫിൻ ടി ചാക്കോയുടെ ചിത്രത്തിന് പാക്കപ്പടിച്ച് ആസിഫ് അലി