ന്യൂഡൽഹി : ഇന്ത്യയിൽ മൂന്ന് ദശലക്ഷം വിൽപ്പന എന്ന പുതിയ നാഴികക്കല്ലിലേക്ക് മാരുതി സുസുക്കി സ്വിഫ്റ്റ് എത്തിയതായി കമ്പനി അറിയിച്ചു. മെയ് മാസത്തിൽ പുറത്തിറക്കിയ എപ്പിക് ന്യൂ സ്വിഫ്റ്റ് പുതിയ ബെഞ്ച് മാര്‍ക്ക് സൃഷ്‌ടിക്കുന്നതിനൊപ്പം സ്വിഫ്റ്റിന്‍റെ പാരമ്പര്യത്തെ വമ്പന്‍ നാഴികക്കല്ലിലേക്ക് നയിക്കുകയും ചെയ്തുവെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്.
"ഓരോ പുതിയ തലമുറയിലും, സ്വിഫ്റ്റിന്‍റെ അത്യാധുനിക സാങ്കേതികവിദ്യയും, സമകാലിക ശൈലിയും, ഉപഭോക്താക്കളെ ആകർഷിക്കുന്ന അനിഷേധ്യമായ 'സ്വിഫ്റ്റ് ഡിഎൻഎ'യും വാഗ്‌ദാനം ചെയ്‌തുകൊണ്ട് കമ്പനി വിൽപന ഉയർത്തുന്നത് തുടരുകയാണ്" - സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ പ്രസ്‌താവനയിൽ പറഞ്ഞു. "ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞതിൽ നന്ദിയുണ്ടെന്നും, രാജ്യത്തുടനീളമുള്ള എല്ലാ സ്വിഫ്റ്റ് ഉടമകളോടും ഞങ്ങൾ നന്ദിയുള്ളവരാണ്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്കണിക്ക് സുസുക്കി ഹയാബൂസ മോട്ടോർസൈക്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ക്ലൈമറ്റ് കൺട്രോൾ, എയർബാഗുകൾ, ആൻ്റി - ലോക്ക് ബ്രേക്കിങ് സിസ്‌റ്റം (എബിഎസ്) തുടങ്ങിയ സെഗ്‌മെൻ്റ് ഫസ്‌റ്റ് ഫീച്ചറുകളോടെയാണ് 2005-ൽ സ്വിഫ്റ്റ് പുറത്തിറക്കിയത്.
ആഗോളതലത്തിൽ ബ്രാൻഡ് 6.5 ദശലക്ഷത്തിലധികം വിൽപ്പന നേടി, ഇന്ത്യയാണ് സ്വിഫ്റ്റിന്‍റെ ഏറ്റവും വലിയ വിപണി. സ്വിഫ്റ്റ് വിപണിയിൽ വന്നതിന് ശേഷം എട്ട് വർഷത്തിനുള്ളിൽ 2013 ൽ തന്നെ അതിന്‍റെ ഒരു മില്യൺ വിൽപ്പന മറികടന്നു. കൂടാതെ 2018 ൽ രണ്ട് മില്യൺ വിൽപ്പനയും നടത്താൻ കഴിഞ്ഞുവെന്ന് കമ്പനി സൂചിപ്പിച്ചു. 2024 മെയ് മാസത്തിൽ, എപ്പിക് ന്യൂ സ്വിഫ്റ്റിനെ 6.49 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയിൽ കമ്പനി രാജ്യത്ത് അവതരിപ്പിച്ചു.
Also Read: ഒറ്റ ചാർജിങ്ങിൽ 315 കിലോമീറ്റർ റേഞ്ച്; ഹ്യുണ്ടായ് കാസ്‌പർ ഇലക്ട്രിക് എസ്‌യുവി പുറത്തിറങ്ങി