ന്യൂഡല്‍ഹി : എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ സമന്‍സുകള്‍ക്കെതിരെ മദ്രാസ് ഹൈക്കോടതില്‍ റിട്ട് ഹര്‍ജികള്‍ നല്‍കിയ തമിഴ്‌നാട് സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്‌ത് സുപ്രീം കോടതി. അഞ്ച് ജില്ല കലക്‌ടര്‍മാര്‍ക്ക് നല്‍കിയ സമന്‍സിനെതിരെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇഡി സമന്‍സ് അയച്ചിട്ടുള്ളത് (Supreme Court).
തമിഴ്‌നാട്ടിലെ ഒരു അനധികൃത മണലെടുപ്പ് അഴിമതിയുമായി ബന്ധപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ അന്വേഷണത്തിലാണ് ജില്ല കലക്‌ടര്‍മാര്‍ക്ക് സമന്‍സ് നല്‍കിയിട്ടുള്ളത്. ഇതിനെതിരെ തമിഴ്‌നാട് നല്‍കിയ ഹര്‍ജിയില്‍ ഇഡിയുടെ നടപടികള്‍ സ്റ്റേ ചെയ്‌തു കൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്‌ത് ഇഡി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി തമിഴ്‌നാടിനോട് വിശദീകരണം തേടിയത് (ED summonses).
സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ എങ്ങനെ ഹര്‍ജി നല്‍കാനാകുമെന്ന് തമിഴ്‌നാടിന്‍റെ സര്‍ക്കാര്‍ അഭിഭാഷകനോട് ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. എന്നാല്‍ ഇത് സാധ്യമാണെന്നായിരുന്നു തമിഴ്‌നാടിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ മറുപടി. സംസ്ഥാനത്തിന്‍റെ താത്പര്യം എന്താണെന്നും ഇത്തരം ഹര്‍ജികള്‍ നല്‍കാനാകുമോയെന്നും കോടതി വീണ്ടും ചോദിച്ചു.
കോടതി നടപടികള്‍ തിങ്കളാഴ്‌ചത്തേക്ക് മാറ്റി വയ്ക്കണമെന്ന് റോത്തഗി ആവശ്യപ്പെട്ടു. താന്‍ അപ്പോള്‍ വിധിപകര്‍പ്പ് ഹാജരാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ല കലക്‌ടര്‍മാര്‍ കുറ്റവാളികളല്ലെന്നും ഇഡിയ്ക്ക് ഇത്തരമൊരു കുറ്റകൃത്യം അന്വേഷിക്കാനാകില്ലെന്നും റോത്തഗി ചൂണ്ടിക്കാട്ടി (district collectors).
എന്നാല്‍ നാല് പ്രഥമ വിവര റിപ്പോര്‍ട്ടുകളുണ്ടെന്നും അവ കുറ്റകൃത്യങ്ങളാണെന്നും അവ പട്ടിക പെടുത്തിയ കുറ്റകൃത്യങ്ങളാണെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അത് ഇഡിയ്‌ക്ക് അന്വേഷിക്കാനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ വിഷയത്തില്‍ ഫെഡറലിസത്തിന്‍റെ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് റോത്തഗി പറഞ്ഞു. കേസില്‍ തുടര്‍വാദങ്ങള്‍ തിങ്കളാഴ്‌ച നടക്കും. ഹര്‍ജിയില്‍ തമിഴ്‌നാട് സര്‍ക്കാരിന് കോടതി നോട്ടിസ് നല്‍കിയിട്ടുണ്ട്.
അനധികൃത മണലെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ അഞ്ച് ജില്ല കലക്‌ടര്‍മാര്‍ സംശയത്തിന്‍റെ നിഴലിലാണ്. ഇവര്‍ക്കാണ് ഇഡി സമന്‍സ് നല്‍കിയത്. ഇതിനെ ചോദ്യം ചെയ്‌ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ഇടപെടലുകള്‍ പാടില്ലെന്നാവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
Also Read: മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന് വീണ്ടും സമൻസ് അയച്ച് ഇഡി