അഹമ്മദാബാദ് (ഗുജറാത്ത്) : പുരി ജഗന്നാഥ രഥയാത്രയോട് അനുബന്ധിച്ച് ഗുജറാത്തിലും ആഘോഷം. നിരവധി ഭക്തരാണ് അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തില്‍ എത്തിയത്. ഇവിടെയും രഥയാത്ര സംഘടിപ്പിക്കുന്നുണ്ട്. ചടങ്ങുകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ആഭ്യന്തര മന്ത്രി ഹർഷ് സംഘവി എന്നിവര്‍ രഥയാത്ര ഉത്സവത്തിന്‍റെ പ്രാരംഭ ചടങ്ങുകളില്‍ പങ്കെടുത്തു. രഥയാത്രയ്ക്കായി ജഗന്നാഥന്‍റെ രഥത്തിനുള്ള പാതയുടെ പ്രതീകാത്മക ശുചീകരണം ഭൂപേന്ദ്ര പട്ടേൽ നടത്തി. നേരത്തെ, കേന്ദ്രമന്ത്രി അമിത് ഷാ ഭാര്യ സോണലിനോടൊപ്പം ക്ഷേത്രത്തിലെത്തി 'മംഗള ആരതി' നടത്തിയിരുന്നു. ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെത്തി ഭൂപേന്ദ്ര പട്ടേല്‍ ദര്‍ശനം നടത്തുകയുണ്ടായി.
രഥയാത്രയുമായി ബന്ധപ്പെട്ട് പതിപ്പിനായി 15,000-ത്തിലധികം പൊലീസുകാരെയാണ് അഹമ്മദാബാദ് ക്ഷേത്ര പരിസരത്ത് വിന്യസിച്ചിട്ടുള്ളത്. സിസിടിവി, ഡ്രോൺ തുടങ്ങി വിവിധ നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിക്കും. ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വേണ്ട എല്ലാവിധ ക്രമീകരണങ്ങളും ചെയ്‌തിട്ടുണ്ട് എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ നീരജ് ബദ്ഗുജർ പറഞ്ഞു.
ഇന്നലെ, ഭഗവാൻ ജഗന്നാഥന്‍റെയും ബലഭദ്രന്‍റെയും സുഭദ്രയുടെയും മൂന്ന് രഥങ്ങൾ നന്ദിഘോഷ, ദർപദാലന, താലധ്വജ യാത്രയ്ക്ക് മുന്നോടിയായി പുരി ശ്രീമന്ദിറിലെ സിങ് ദ്വാരയിലേക്ക് കൊണ്ടുവന്നു. ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവം. രഥയാത്രയ്ക്ക് പുരിയിലെ ജഗന്നാഥ ക്ഷേത്രത്തോളം തന്നെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.