അയോധ്യ (ഉത്തർപ്രദേശ്): പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി. പ്രാർത്ഥനകൾക്ക് ശേഷം പ്രധാനമന്ത്രി മോദിയുടെ രാം പഥിലൂടെ റോഡ്‌ഷോ നടത്തി. സുഗ്രീവ കോട്ടയിൽ നിന്നാരംഭിച്ച റോഡ്‌ഷോ ലതാ ചൗക്ക് വരെ നീണ്ടു. റോഡ് ഷോയുടെ റൂട്ട് 40 ബ്ലോക്കുകളായി തിരിച്ചിരുന്നു.
ജനുവരി 22 ന് നടന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠാ ചടങ്ങിന് ശേഷം പ്രധാനമന്ത്രി ഇതാദ്യമായാണ് അയോധ്യയിൽ സന്ദര്‍ശനം നടത്തുന്നത്. നാമനിർദേശ പത്രികാ സമർപ്പണത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ അയോദ്ധ്യ സന്ദർശനം. ഈ വരുന്ന 14 നാണ് വാരാണസിയിൽ നിന്ന് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെ രാമക്ഷേത്രത്തിൽ സന്ദര്‍ശനം നടത്തിയിരുന്നു.
ലോക്‌സഭയിലേക്ക് 80 അംഗങ്ങളെ അയക്കുന്ന ഉത്തർപ്രദേശിൽ, പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിലായി 16 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി. കഴിഞ്ഞ രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും യുപിയിൽ ബിജെപി ഭൂരിഭാഗം സീറ്റുകളും നേടിയിരുന്നു.
അതേസമയം, 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ അയോധ്യയിലെ സിറ്റിങ് എംപി ലല്ലു സിങ്ങിനെ തന്നെ ബിജെപി വീണ്ടും മത്സരത്തിനിറക്കി. 2019 ലെ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി നേതാവ് ആനന്ദ് സെൻ യാദവിനെ പരാജയപ്പെടുത്തിയാണ് ലല്ലു സിങ്ങ് വീണ്ടും വിജയം നിലനിർത്തിയത്. ലല്ലു സിങ്ങ് 529,021 വോട്ടുകൾ നേടിയപ്പോൾ എസ്‌പി സ്ഥാനാർഥി ആനന്ദ് സെൻ യാദവ് 463,544 വോട്ടുകൾ നേടി.
അയോധ്യയിലേതടക്കമുള്ള മണ്ഡലങ്ങളിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് മെയ് 20 നാണ്. ഏപ്രില്‍ 19 ന് തുടങ്ങിയ ലോക്‌സഭ തെരഞ്ഞെടുപ്പ് ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്, എല്ലാ സീറ്റുകളിലെയും വോട്ടെണ്ണൽ ജൂൺ 4 ന് നടക്കും.