കൊല്‍ക്കത്ത: ബിജെപിയുടെ 'ബംഗാള്‍ ബന്ദി'നെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി നടത്തുന്നത് ബംഗാളിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ബലാത്സംഗക്കൊലയ്‌ക്ക് ഇരയായ യുവ ഡോക്‌ടര്‍ക്ക് നീതി ലഭിക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മമത ബാനർജി പറഞ്ഞു.
"ഈ ദിനം ഞങ്ങള്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍ക്ക് സമര്‍പ്പിക്കുന്നു. ഞങ്ങള്‍ക്ക് നീതി വേണം. എന്നാൽ ബിജെപി ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തു. അവര്‍ക്ക് നീതി വേണ്ട. അവര്‍ ബംഗാളിനെ അപകീർത്തിപ്പെടുത്താൻ മാത്രമാണ് ശ്രമിക്കുന്നത്"- മമത വ്യക്തമാക്കി.
ബന്ദിനെ വിമർശിച്ച മമത നബന്ന അഭിജൻ റാലിയിലെ പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികളെ പിന്തുണയ്ക്കുകയും ചെയ്‌തു. "ഞങ്ങള്‍ ഈ ബന്ദിനെ പിന്തുണയ്‌ക്കുന്നില്ല. ഉത്തര്‍പ്രദേശിലേയും മധ്യപ്രദേശിലേയും ഇനി മണിപ്പൂരിലെ പോലും മുഖ്യമന്ത്രിമാരോട് ബിജെപി ഒരിക്കലും രാജി ആവശ്യപ്പെട്ടിട്ടില്ല. നബന്ന അഭിയാൻ റാലിയില്‍ നിന്നുള്ള ചിത്രങ്ങള്‍ നമ്മള്‍ കണ്ടതാണ്. സാഹചര്യം നന്നായി കൈകാര്യം ചെയ്‌തതിന് പൊലീസിനെ ഞാൻ സല്യൂട്ട് ചെയ്യുന്നു" മമത കൂട്ടിച്ചേര്‍ത്തു.
യുവ ഡോക്‌ടറെ ബലാത്സംഗം ചെയ്‌തുകൊന്ന കേസിലെ പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും അതു തൂക്കുകയറാണെന്നും മമത പറഞ്ഞു. ബലാത്സംഗ കേസുകളില്‍ ഉചിതമായ ശിക്ഷ ഉറപ്പാക്കാൻ പശ്ചിമ ബംഗാൾ സർക്കാർ അടുത്ത 10 ദിവസത്തിനുള്ളിൽ ബിൽ അവതരിപ്പിക്കുമെന്ന് അവർ അറിയിച്ചു.
ഈ ബിൽ തങ്ങൾ ഗവർണർക്ക് അയയ്ക്കും. അദ്ദേഹം ബിൽ പാസാക്കിയില്ലെങ്കിൽ തങ്ങൾ രാജ്ഭവന് പുറത്ത് ഇരിക്കും. ഈ ബില്‍ തീര്‍ച്ചയായും പാസാക്കണം. ഇത്തവണ അദ്ദേഹത്തിന് തന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.
ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ മമതയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ ‘നബന്ന അഭിജൻ’ റാലിക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്ത് 12 മണിക്കൂര്‍ ബന്ദിന് ബിജെപി ആഹ്വാനം ചെയ്‌തത്. വിദ്യാർത്ഥി സംഘടനയായ പശ്ചിം ബംഗ ഛത്ര സമാജിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കായിരുന്നു മാര്‍ച്ച്.