ബെംഗളൂരു: ഹുക്ക വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക. 21 വയസിന് താഴെയുള്ളവര്‍ക്ക് സിഗരറ്റ് വില്‍ക്കുന്നതിനും വിലക്കുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച (ഫെബ്രുവരി 21) നിയമസഭ ബില്‍ പാസാക്കി.
അസുഖങ്ങള്‍ ഉള്‍പ്പടെയുള്ളവയില്‍ നിന്നും പൗരന്മാരെ സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു നടപടിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സംസ്ഥാനത്ത് ഇനി മുതല്‍ 21 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സിഗരറ്റ് വില്‍ക്കരുതെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു നിയമസഭയില്‍ പറഞ്ഞു. നേരത്തെ സിഗരറ്റ് വിൽപനയ്ക്കുള്ള പ്രായപരിധി 18 വയസായി നിജപ്പെടുത്തിയിരുന്നെങ്കിൽ ഇപ്പോൾ 21 വയസായി ഉയർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സ്‌കൂളുകളുടെ 100 മീറ്റർ ചുറ്റളവിൽ സിഗരറ്റ് വിൽപ്പനയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തി.
ബാറുകളിലും റസ്റ്റോറന്‍റുകളിലും അടക്കം ഹുക്കയ്‌ക്ക് നിരോധനമുണ്ടെന്നും മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ഹുക്കയുടെ അനധികൃത ഉപയോഗം കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയുണ്ടാകും. 50,000 രൂപ മുതല്‍ ഒരു ലക്ഷം വരെ പിഴയും മൂന്ന് വര്‍ഷം വരെ തടവും ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങള്‍ സുരക്ഷിതമായാല്‍ മാത്രമേ രാജ്യം സുരക്ഷിതമാകൂവെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കരുത്. നമുക്ക് ഒരു ഫെഡറല്‍ സംവിധാനം ഒരുക്കിയാണ് ഭരണഘടന രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. എന്നാല്‍ ഈ ഫെഡറല്‍ സംവിധാനത്തെ നശിപ്പിക്കരുത്. സഹകരണ ഫെഡറലിസം എന്നാണ് എപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ രീതികളിലോ കേന്ദ്ര സര്‍ക്കാരിന്‍റെ പെരുമാറ്റത്തിലോ അത് കാണുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.