മാണ്ഡി (ഹിമാചൽ പ്രദേശ്) : 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ച് ബിജെപി സ്ഥാനാർഥിയും നടിയുമായ കങ്കണ റണാവത്ത്. വെള്ളിയാഴ്‌ചയാണ് (29-03-2024) കങ്കണ റണാവത്ത് മാണ്ഡി ലോക്‌സഭ മണ്ഡലത്തിൽ അവരുടെ ആദ്യ റോഡ് ഷോ നടത്തിയത്. വികസനത്തിനാണ് മുൻഗണനയെന്ന് പറഞ്ഞ നടി, തന്നെ അവരില്‍ ഒരാളായി കാണാനും വോട്ടര്‍മാരോട് അഭ്യർഥിച്ചു.
തുറന്ന ജീപ്പിലാണ് കങ്കണ മാണ്ഡിയിലെ ബൽദ്വാരയിലെത്തിയത്. പലയിടത്തും താരത്തിന് ഊഷ്‌മളമായ സ്വീകരണം ലഭിച്ചു. ബിജെപി പ്രവർത്തകരും നാട്ടുകാരും കങ്കണയെ കാണാൻ തടിച്ചുകൂടിയിരുന്നു. ജീപ്പിൽ നിന്ന് തന്നെ മാണ്ഡ്യാലി ഭാഷയിൽ കങ്കണ അവിടെയുണ്ടായിരുന്ന ജനങ്ങളെ അഭിസംബോധന ചെയ്‌തു.
'എന്‍റെ സംസ്ഥാനത്തെ ജനങ്ങൾ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നു എന്ന് ഇന്ന് രാജ്യം മുഴുവൻ കാണുന്നുണ്ട്. എന്‍റെ മുത്തച്‌ഛൻ ഇവിടുത്തെ എംഎൽഎ ആയിരുന്നു, തന്‍റെ ജീവിതം ജനസേവനത്തിനായി ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഞാൻ ജയിച്ചാലും അദ്ദേഹത്തിനെ പോലെ തന്നെ ഞാനും ജനസേവനത്തിനായി പ്രവർത്തിക്കും. മാണ്ഡിയിലെ ജനങ്ങൾ എന്‍റെ കുടുംബമാണ്. കങ്കണ ഒരു താരമോ നായികയോ ആണെന്ന് കരുതരുത്. കങ്കണ നിങ്ങളുടേതാണെന്ന് കരുതുക. അവൾ നിങ്ങളുടെ മകളാണ്, കങ്കണ നിങ്ങളുടെ സഹോദരിയാണ്' -എന്ന് ജനങ്ങളെ അഭിസംബോധന ചെയ്‌ത് കങ്കണ റണാവത്ത് പറഞ്ഞു.
റോഡ് ഷോയിൽ മാണ്ഡി ജില്ലയിലെ സർക്കാഘട്ടിൽ നിന്നുള്ള എംഎൽഎ ദലിപ് താക്കൂറും പ്രാദേശിക ബിജെപി നേതാക്കളും പാർട്ടി പ്രവർത്തകരും കങ്കണ റണാവത്തിനൊപ്പം ഉണ്ടായിരുന്നു. കങ്കണ തന്‍റെ റോഡ് ഷോയ്ക്കിടെ ജയ് ശ്രീറാം മുദ്രാവാക്യം ഉയർത്തി വികസനമാണ് തന്‍റെയും ബിജെപിയുടെയും പ്രാഥമിക ലക്ഷ്യമെന്നും കങ്കണ പറഞ്ഞു. മാണ്ഡിയിലെ ജനങ്ങൾ എതിരാളികൾക്ക് മറുപടി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
'ഈ തെരഞ്ഞെടുപ്പിൽ മാണ്ഡിയെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനിക്കുന്നു. എന്‍റെ നാട്ടിലെ ജനങ്ങൾ എന്‍റെ ഹൃദയത്തിലാണുള്ളതെന്ന് എതിരാളികളെ കാണിക്കുമെ'ന്നും കങ്കണ വ്യക്തമാക്കി.
മാണ്ഡി ജില്ലയിലെ ഭംബ്ല ഗ്രാമം കങ്കണയുടെ പൂർവിക ഗ്രാമമാണ്. കങ്കണയുടെ റോഡ് ഷോ ബനോഹ, ബൽദ്വാര, സർക്കാഘട്ടിലെ ഭംബ്ല എന്നീ സ്ഥലങ്ങളിലൂടെ കടന്നു പോയി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ബിജെപി ടിക്കറ്റ് ലഭിച്ചതിന് ശേഷം ഹോളി ആഘോഷിക്കാൻ കങ്കണ സ്വന്തം ഗ്രാമമായ ഭംബ്ലയിലും എത്തിയിരുന്നു.
കങ്കണയ്ക്ക് ബിജെപി ടിക്കറ്റ് ലഭിച്ചതോടെ മണ്ഡി ലോക്‌സഭ സീറ്റ് രാജ്യത്തുടനീളം ചർച്ച വിഷയമായി മാറിയിരുന്നു എന്നത് ശ്രദ്ധേയമാണ്. അതേസമയം ഹിമാചലിലെ നാല് സീറ്റുകളിലും ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എന്നാൽ കോൺഗ്രസ് ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
ALSO READ : ഝാർഖണ്ഡില്‍ എജെഎസ്‌യുവുമായി സഖ്യം പ്രഖ്യാപിച്ച് ബിജെപി; സീറ്റ് ധാരണയായി