ചെന്നെെ: കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തിൽ മരണസംഖ്യ 58 ആയി ഉയർന്നപ്പോൾ പങ്കാളികളെ നഷ്‌ടപ്പെട്ടത് 44 സ്ത്രീകൾക്ക്. തമിഴ്‌നാട്ടിലെ വിവിധ ആശുപത്രികളിലായി 156 പേർ ചികിത്സയിൽ തുടരുകയാണ്. സാമൂഹ്യക്ഷേമ വകുപ്പ് നടത്തിയ ഗവേഷണത്തിലാണ് വ്യാജ മദ്യ ദുരന്തത്തിൽ കരുണാപുരം, മാധവച്ചേരി ഉൾപെടെയുള്ള സ്ഥലങ്ങളിലായി 44 സ്ത്രീകൾക്ക് ഭർത്താക്കന്മാരെ നഷ്‌ടപ്പെട്ടതായി വ്യക്തമായത്.
ഇവരിൽ 40 വയസിന് താഴെയുള്ള 19 സ്ത്രീകളും 40 വയസിന് മുകളിലുള്ള 24 സ്ത്രീകളും ഉണ്ട്. ഇവരിൽ 11 മാസം പ്രായമുള്ള കുഞ്ഞുള്ള യുവതിയും 2 മാസം ഗർഭിണിയായ യുവതിയും ഉൾപെടുന്നു. ആശ്രിതർ മരണപ്പെട്ട ഈ സ്‌ത്രീകളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.
ഭർത്താവ് നഷ്‌ടപ്പെട്ട 12 പേർക്ക് സാമൂഹ്യക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തൊഴിൽ പരിശീലനം നൽകുമെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും ചികിത്സയിലുള്ളവർക്ക് 50,000 രൂപ വീതവും നഷ്‌ടപരിഹാരം നൽകുമെന്നും മദ്യ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികളുടെ പഠനച്ചെലവ് സർക്കാർ വഹിക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു.
കള്ളക്കുറിച്ചി, സേലം, വില്ലുപുരം, പുതുച്ചേരി ജിപ്‌മർ എന്നിവിടങ്ങളിൽ 156 പേർ ചികിത്സയിലാണ്. ഇതിൽ പലരുടെയും ആരോഗ്യനില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.