പട്‌ന: ജിയോ വരിക്കാരൻ്റെ പരാതിയിൽ റിലയൻസ് ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മുകേഷ് അംബാനിക്ക് നോട്ടിസ്. ഉപഭോക്താവിന്‍റെ ജിയോ സിമ്മിലെ സേവനങ്ങൾ താത്‌ക്കാലികമായി നിർത്തിവച്ചതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിലാണ് ഉപഭോക്തൃ കമ്മിഷന്‍റെ നടപടി. ബിഹാറിലെ മുസാഫർപൂർ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ആണ് അംബാനിക്ക് നോട്ടിസ് അയച്ചത്. ഒക്‌ടോബർ 29 ന് കമ്മീഷനിൽ ഹാജരാകാനാണ് നിർദേശം.
മുസാഫർപൂർ സ്വദേശി വിവേക് കുമാർ നൽകിയ പരാതിയിന്മേലാണ് നടപടി. അഞ്ച് വർഷം മുമ്പാണ് വിവേക് തൻ്റെ സിം ഐഡിയയിൽ നിന്ന് ജിയോയിലേക്ക് പോർട്ട് ചെയ്‌തത്. എല്ലാ രേഖകളും സമർപ്പിച്ചാണ് താൻ ജിയോ വരിക്കാരനായതെന്ന് വിവേക് അവകാശപ്പെടുന്നു. 2025 മെയ് 25 വരെ ജിയോയുടെ പ്രൈം മെമ്പറാണ് വിവേക്.
എന്നാൽ പതിവായി റീചാർജ് ചെയ്‌തിട്ടും മുന്നറിയിപ്പില്ലാതെ ജിയോ പെട്ടന്ന് തന്‍റെ നമ്പർ ബ്ലോക്ക് ചെയ്‌തതായാണ് പരാതി. ജിയോ ഓഫിസിൽ പരാതി നൽകിയെങ്കിലും പരിഹാരമായില്ല. തുടർന്ന് ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അംബാനിക്കും മുസാഫർപൂരിലെ ജിയോ ഓഫിസ് ബ്രാഞ്ച് മാനേജർക്കും ഒക്ടോബർ 29ന് ഹാജരാകാൻ നോട്ടിസ് നൽകുകയായിരുന്നു.
നമ്പർ ബ്ലോക്ക് ആയത് തന്‍റെ ജോലി തടസ്സപ്പെടാൻ ഇടയാക്കിയതായി കാണിച്ച് 10.30 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാനും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: ജിയോ കൂട്ടി, മറ്റുള്ളവരും ഉടനെ കൂട്ടും; താരിഫ് നിരക്കുകൾ കുത്തനെ ഉയർത്തി റിലയൻസ്