ന്യൂഡൽഹി: ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അറിയിച്ചു. രജിസ്റ്റർ ഐഡിയിൽ നിന്ന് യൂസറിനും കുടുംബത്തിനും മാത്രമെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂവെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ഐആർസിടിസി രംഗത്തെത്തിയത്.
വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തയാണ് പ്രചരിക്കുന്നതെന്നും അത്തരത്തിൽ ഒരു നടപടിയും തങ്ങൾ സ്വീകരിച്ചിട്ടില്ലെന്നും വാർത്താക്കുറിപ്പിലൂടെയാണ് ഐആർസിടിസി അറിയിച്ചത്. റെയിൽവേ ബോർഡ് മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ഐആർസിടിസി സൈറ്റിൽ നിന്നും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. ഇതനുസരിച്ച് ഏതൊരാളുടെ അക്കൗണ്ടിൽ നിന്നും ആർക്ക് വേണമെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്‌ത് നൽകാൻ സാധിക്കുമെന്നും ഐആർസിടിസി വ്യക്തമാക്കി.
പ്രതിമാസം ഒരു ഐഡിയിൽ നിന്ന് 12 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാൻ കഴിയും. അതേസമയം ഓൺലൈൻ വഴി ബുക്ക് ചെയ്‌ത ടിക്കറ്റ് വാണിജ്യ വില്‌പന നടത്താൻ പാടില്ലെന്നും ഇത് കുറ്റകരമാണെന്നും വാർത്ത കുറിപ്പിൽ ഐആർസിടിസി വ്യക്തമാക്കി.