ന്യൂഡല്‍ഹി : ഇന്‍ഡിഗോ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ റണ്‍വേ തെറ്റിയിറങ്ങി. പഞ്ചാബിലെ അമൃത്‌സറില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന ഇൻഡിഗോ 6E 2221 വിമാനമാണ് റണ്‍വേ മാറി ഇറങ്ങിയത്. ഇന്ന് (ഫെബ്രുവരി 11) രാവിലെ ലാൻഡിങ്ങിനിടെയാണ് സംഭവം (Indigo Flight Missed Taxiway In Delhi Airport).
ദൂരക്കാഴ്‌ച കുറവായതിനെ തുടര്‍ന്നാണ് പിഴവ് സംഭവിച്ചതെന്നാണ് സംഭവത്തില്‍ എയര്‍ലൈന്‍ അധികൃതര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഇൻഡിഗോ ഖേദപ്രകടനവും നടത്തിയിട്ടുണ്ട്. 28/10 റൺവേയിൽ രാവിലെ എട്ടരയോടെയായിരുന്നു വിമാനം ലാന്‍ഡ് ചെയ്‌തത്.
ഇതേ തുടര്‍ന്ന് 15 മിനിറ്റോളം നേരം റണ്‍വേ തടയുന്ന സാഹചര്യമുണ്ടായി. ഇത് മറ്റ് സര്‍വീസുകളെയും ബാധിച്ചിരുന്നു. റണ്‍വേ മാറിയിറങ്ങിയ ഇന്‍ഡിഗോ വിമാനത്തെ ടോവിങ് ട്രാക്‌ടറിന്‍റെ സഹായത്തോടെ കെട്ടിവലിച്ചാണ് പാര്‍ക്കിങ് ബേയിലേക്ക് മാറ്റിയത്.
അതേസമയം, കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ പല വിമാന സര്‍വീസുകളും വൈകിയാണ് ഇപ്പോഴും സര്‍വീസ് നടത്തുന്നത്. 7 മുതല്‍ 25 ഡിഗ്രി വരെയാണ് ഡല്‍ഹിയിലെ ശരാശരി താപനില. മൂടല്‍ മഞ്ഞിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം, അധികൃതര്‍ CAT III നാവിഗേഷൻ സംവിധാനമില്ലാത്ത വിമാനങ്ങള്‍ക്ക് ലാൻഡിങ്ങിനും ടേക്ക് ഓഫിനും മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിരുന്നു.