ലണ്ടൻ: വിദേശ വിദ്യാര്‍ഥികള്‍ക്ക് യുകെയില്‍ പഠനം കഴിഞ്ഞുള്ള ഗ്രാജ്വേറ്റ് റൂട്ട് വിസയ്ക്ക് വേണ്ടി ഫെയർ വിസ, ഫെയർ ചാൻസ് കാമ്പെയ്‌ന്‍ ആരംഭിച്ച് യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥി പ്രതിനിധി സംഘടന. മൂന്ന് വർഷം മുമ്പ് ആരംഭിച്ച കാമ്പെയ്‌ന്‍ ഇന്ത്യന്‍ വിദ്യാർത്ഥികൾക്കിടയിൽ ഇപ്പോള്‍ വളരെ പ്രചാരം നേടുകയാണ്. അന്താരാഷ്‌ട്ര ബിരുദ ധാരികൾക്ക് ബിരുദത്തിന് ശേഷം രണ്ട് വർഷത്തേക്ക് പ്രവൃത്തി പരിചയം നേടുന്നതിന് അവസരം നൽകുന്നതാണ് ഗ്രാജ്വേറ്റ് റൂട്ട് വിസ.
ഗ്രാജ്വേറ്റ് റൂട്ട് വിസ അവലോകനം ചെയ്യാൻ യുകെ ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി സ്വതന്ത്ര മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയെ (MAC) നിയോഗിച്ചിരിക്കുകയാണ്. വിസ രാജ്യത്തിന് അനുയോജ്യമാണോ എന്ന് ഉറപ്പാക്കി അടുത്ത മാസത്തോടെ റിപ്പോർട്ട് സമര്‍പ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ട് പ്രതികൂലമാകുമെന്ന ആശങ്കയിലാണ് നാഷണൽ ഇന്ത്യൻ സ്റ്റുഡന്‍റ്സ് ആൻഡ് അലുംനി യൂണിയൻ (NISAU) യുകെ കാമ്പെയ്‌ന്‍ ആരംഭിച്ചത്.
ബിരുദാനന്തര ബിരുദത്തിന് രണ്ട് വർഷം ജോലി ചെയ്യാനുള്ള കഴിവ് അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിന് വേണ്ട പണം സമ്പാദിക്കാനും, പ്രവൃത്തി പരിചയം നേടാനും, യുകെയുമായി ബന്ധം തുടരാനും സഹായിക്കുമെന്ന് അന്തർദേശീയ വിദ്യാർത്ഥികളെക്കുറിച്ചുള്ള ഓൾ പാർട്ടി പാർലമെൻ്ററി ഗ്രൂപ്പിൻ്റെ (APPG) കോ ചെയർ കരൺ ബിലിമോറിയ പറഞ്ഞു. യുകെ സമ്പദ് വ്യവസ്ഥയില്‍ നല്ലൊരു പങ്ക് സംഭാവന ചെയ്യുന്ന വിദേശ വിദ്യാര്‍ഥികളുടെ പഠനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന്‍റെ എക്കണോമിയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
യുകെയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് ചേരുന്ന വിദേ വിദ്യാർത്ഥികളുടെ എണ്ണം 2018 നും 2022 നും ഇടയിൽ 250 ശതമാനത്തിലധികം വർദ്ധിച്ചുവെന്ന് അഡ്വൈസറി കമ്മിറ്റി ചൂണ്ടികാട്ടുന്നു. ഗ്രാജ്വേറ്റ് റൂട്ടിന്‍റെ ഉദ്ദേശ്യം എന്താണെന്ന് സർക്കാർ പരിശോധിക്കേണ്ടതുണ്ടെന്നാണ് അഡ്വൈസറി കമ്മിറ്റി യുകെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
Also Read : 'ഇവിടെ നല്ല ജോലിയും വേതനവുമില്ല', പഠനത്തിനായി വിദേശത്തേക്ക് പറന്ന് ഇന്ത്യൻ വിദ്യാർഥികൾ