കാണ്‍പൂര്‍: കരസേനയുടെ ആവശ്യം കണ്ടറിഞ്ഞായിരുന്നു കാണ്‍പൂര്‍ ഐഐടിയിലെ വിദഗ്‌ധര്‍ പൂര്‍ണ്ണമായും തദ്ദേശീയമായി ഈ ഡ്രോണ്‍ വികസിപ്പിച്ചത്. സാധാരണ ഡ്രോണുകളെ അപേക്ഷിച്ച് പതിന്മടങ്ങ് വേഗത കൈവരിക്കാനാവുന്ന ഈ ഡ്രോണിന് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാനാവും. ശത്രു രാജ്യത്തിന്‍റെ ടാങ്കുകളും ആയുധപ്പുരകളും ഒളിത്താവളങ്ങളും കണ്ടെത്താനും നിമിഷങ്ങള്‍ക്കകം നശിപ്പിക്കാനും സൈന്യത്തെ സഹായിക്കുന്നുവെന്നതാണ് ഈ ഡ്രോണുകളുടെ സവിശേഷത.
പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ഈ പുതിയ ഡ്രോണുകളുടെ പരീക്ഷണം കാണ്‍പൂര്‍ ഐഐടി ലാബില്‍ വിജയകരമായി നടന്നു. സൈന്യത്തിന്‍റെ അനുമതി കിട്ടിയാല്‍ ഈ ഡ്രോണുകളുടെ ട്രയല്‍ ആറ് മുതല്‍ എട്ട് മാസത്തിനകം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് കാണ്‍പൂര്‍ ഐഐടി.
രൂപകല്‍പ്പന
രണ്ടര വര്‍ഷമെടുത്താണ് ഐഐടി കാണ്‍പൂരിലെ എയ്റോ സ്പേസ് എഞ്ചിനീയറിങ്ങ് വകുപ്പ് ഈ പുതിയ ഡ്രോണ്‍ രൂപകല്‍പ്പന ചെയ്‌തത്. ഇന്ത്യന്‍ സൈന്യത്തിന്‍റെ ആവശ്യം മനസില്‍ക്കണ്ടു കൊണ്ടാണ് ഡ്രോണ്‍ ഡിസൈന്‍ ചെയ്‌തതെന്ന് കാണ്‍പൂര്‍ ഐഐടിയിലെ സീനിയര്‍ പ്രൊഫസര്‍ സുബ്രഹ്മണ്യം സദ്രേല്ല പറഞ്ഞു.
'മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗം എന്നത് മാത്രമല്ല ഈ പുത്തന്‍ ഡ്രോണിന്‍റെ പ്രത്യേകത. രണ്ട് കിലോ വരെ ഭാരം വഹിക്കാനും ഇതിനാവും. സാധാരണ ഗതിയില്‍ മണിക്കൂറില്‍ 35 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലാണ് ഈ ഡ്രോണ്‍ പറക്കുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അത് എപ്പോള്‍ വേണമെങ്കിലും 180 കിലോമീറ്റര്‍ വേഗതയിലേക്ക് ഉയര്‍ത്താനാവും. ഈ ഡ്രോണുകള്‍ക്ക് ചുരുങ്ങിയത് 100 കിലോമീറ്റര്‍ വരെ ദൂരത്തേക്ക് പറക്കാന്‍ കഴിയും. വേഗത കൂട്ടുന്ന മുറയ്ക്ക് ഡ്രോണിന്‍റെ റേഞ്ചും വര്‍ധിപ്പിക്കാനാവും'
വില
ഈ ഡ്രോണുകള്‍ക്ക് ലക്ഷങ്ങള്‍ വിലവരുമെന്ന് ഡോ. സുബ്രഹ്മണ്യം സദ്രേല്ല പറഞ്ഞു. 'കൃത്യമായി ഇത്ര ചെലവു വരുമെന്ന് പറയാനാവില്ല. അടുത്ത അഞ്ച് വര്‍ഷത്തിനിടെ 1500 കോടിക്കുള്ള ഡ്രോണുകള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ശത്രു പാളയം കണ്ടെത്തി ശത്രുക്കളെ നശിപ്പിച്ച ശേഷവും ഇതിന്‍റെ നിയന്ത്രണം സൈന്യത്തിന്‍റെ കൈയിലായിരിക്കും. അതു കൊണ്ടു തന്നെ ഓപ്പറേഷന് ശേഷം വേണമെങ്കില്‍ ഇവ നശിപ്പിക്കാനും സാധിക്കും. അത്തരത്തില്‍ ചാവേര്‍ ഡ്രോണുകളായും ഇവ ഉപയോഗിക്കാനാവും'- അദ്ദേഹം പറഞ്ഞു.

മറ്റ് സവിശേഷതകള്‍
ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ ഡ്രോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരിക്കല്‍ ചാര്‍ജ് ചെയ്‌ത് കഴിഞ്ഞാല്‍ തുടര്‍ച്ചയായി 3-4 മണിക്കൂര്‍ നേരം ഉപയോഗിക്കാനാവും. ഇന്‍ഫ്രാറെഡ് സെന്‍സറും ജിപിഎസും അടക്കമുള്ള സംവിധാനങ്ങള്‍ ഡ്രോണിലുണ്ട്.
ശത്രുക്കളുടെ ലൊക്കേഷന്‍ കൃത്യമായി പറഞ്ഞുതരാന്‍ സാധിക്കും എന്നതാണ് ഏറ്റവും പ്രധാനം. ശബ്‌ദമുണ്ടാക്കാതെ പറക്കാനും പ്രവൃത്തിപ്പിക്കാനും സാധിക്കും എന്നത് മറ്റൊരു പ്രത്യേകതയാണ്. ഡ്രോണില്‍ നിന്ന് ഫോട്ടോകളും വീഡിയോകളും അയക്കാനും സാധിക്കും.
കഴിഞ്ഞയാഴ്‌ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് നേരിട്ടെത്തി ഡ്രോണിന്‍റെ പ്രവര്‍ത്തനം നിരീക്ഷിച്ചിരുന്നു. കാണ്‍പൂര്‍ ഐഐടിയുടെ ചാവേര്‍ ഡ്രോണിന് വിദേശത്തും പ്രിയം ഏറുകയാണ്.