കൊല്‍ക്കത്ത: സന്ദേശ്ഖാലി സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെ സംഭവം ഗൗരവമായി തന്നെ സിബിഐ ഏറ്റെടുത്തു. ഉത്തരവിന് പിന്നാലെ അന്വേഷണത്തിനായി സിബിഐ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിഐജിയും ഒരു എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനും രണ്ട് ഡിഎസ്‌പിമാരും ഉള്‍പ്പെടുന്നതാണ് പ്രത്യേക അന്വേഷണ സംഘം.
ബുധനാഴ്‌ച രാവിലെയാണ് കോടതി ഉത്തരവ് പുറത്തു വന്നത്. കേന്ദ്ര സംഘത്തിന് വേണ്ട എല്ലാ സഹായവും നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സന്ദേശ്ഖാലിയിലെ ജനങ്ങള്‍ക്ക് നേരിട്ട് സിബിഐയോട് പരാതികള്‍ ബോധിപ്പിക്കാം. ഭൂമി പിടിച്ചെടുക്കല്‍, ബലാത്സംഗം, കാര്‍ഷിക ഭൂമി മാറ്റം വരുത്തല്‍ തുടങ്ങി എല്ലാ ആരോപണങ്ങളെക്കുറിച്ചും സിബിഐ അന്വേഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പരാതികള്‍ സമര്‍പ്പിക്കാനായി സിബിഐ ഒരു പോര്‍ട്ടല്‍ തുടങ്ങണമെന്നും ഒരു മെയില്‍ ഐഡി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണം. പതിനഞ്ച് ദിവസത്തിനുള്ളില്‍ പ്രശ്‌നബാധിത മേഖലകളില്‍ സിസിടിവി ക്യാമറകളും എല്‍ഇഡി ലൈറ്റുകളും സ്ഥാപിക്കണം. ദൃക്‌സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കണം. അന്വേഷണത്തിന്‍റെ ഭാഗമായി ഏത് പദവിയിലുള്ള വ്യക്തികളെയും വിളിച്ച് വരുത്താനും സിബിഐയ്ക്ക് അനുമതിയുണ്ട്. അടുത്ത മാസം രണ്ടിനാണ് കേസില്‍ അടുത്ത വാദം. അന്ന് സിബിഐ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
പ്രശ്‌നങ്ങള്‍ ഉണ്ടായ സ്ഥലത്ത് സിബിഐ സന്ദര്‍ശനം നടത്തണം. ഇരകളുമായി ചര്‍ച്ച നടത്തണം. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാം. സന്ദേശ്ഖാലിയിലെ എല്ലാ പ്രശ്‌നങ്ങളും പരിശോധിച്ച ശേഷം അടുത്തയാഴ്‌ച റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് പരാതിക്കാരില്‍ ആത്മവിശ്വാസം ഉണ്ടാക്കും. പരാതികള്‍ അറിയിക്കാനുള്ള ഇമെയില്‍ വിലാസം പ്രാദേശിക പത്രങ്ങളിലുടെ അറിയിക്കണം.
സന്ദേശ്ഖാലിയില്‍ നിന്നുയര്‍ന്ന ഏതെങ്കിലും ഒരു ആരോപണം ശരിയാണെങ്കില്‍ അതീവ ലജ്ജാകരമാണെന്നും കല്‍ക്കട്ട ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ സംസ്ഥാനം പെണ്‍കുട്ടികള്‍ക്ക് ഏറ്റവും സുരക്ഷിതമാണ്. എന്നാല്‍ സന്ദേശ്ഖാലിയിലെ സ്‌ത്രീകള്‍ക്ക് നേരെ ഉണ്ടായത് എന്താണെന്നും കോടതി ആരാഞ്ഞു.
Also Read: ഷാജഹാന്‍ ഷെയ്ഖിന്‍റെ അറസ്റ്റില്‍ കാലതാമസം; വിശദീകരണവുമായി ബംഗാള്‍ ഗവര്‍ണര്‍