ഹൈദരാബാദ്: ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ ജി എന്‍ സായിബാബ (54) അന്തരിച്ചു. ശസ്‌ത്രക്രിയയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ശേഷം കുറ്റവിമുക്തനാക്കപ്പെട്ട് ഏഴ് മാസത്തിന് ശേഷമാണ് അദ്ദേഹത്തിന്‍റെ അന്ത്യം സംഭവിച്ചിരിക്കുന്നത്.
പിത്താശയത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്‌ച മുമ്പ് ഇദ്ദേഹത്തെ ശസ്‌ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ സങ്കീര്‍ണമാകുകയായിരുന്നു. ഇരുപത് ദിവസമായി ഹൈദരാബാദ് നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന കേസില്‍ സായിബാബയെയും മറ്റ് അഞ്ച് പേരെയും ബോംബൈ ഹൈക്കോടതിയുടെ നാഗ്‌പൂര്‍ ബെഞ്ച് കുറ്റവിമുക്തരാക്കിയിരുന്നു. ഇവര്‍ക്കെതിരെയുള്ള കേസ് തെളിയിക്കുന്നതില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 10 വർഷം ഇദ്ദേഹത്തെ ജയിലിലടച്ചിരുന്നു. 2014 മുതൽ ഒരു പതിറ്റാണ്ട് നീണ്ട ജയിൽ വാസത്തിന് ശേഷം നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. യുഎപിഎ കേസില്‍ കുറ്റവിമുക്തനാക്കി ഏഴാം മാസമാണ് അദ്ദേഹം വിട പറഞ്ഞിരിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ പ്രൊഫസർ ജിഎൻ സായിബാബ കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ജയില്‍മോചിതനാകുന്നത്.
നാഗ്‌പൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ സായിബാബ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്നുമായിരുന്നു അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസിൽ ജയിലിലായ പാണ്ടു നൊരോത്തെ വിചാരണ കാലയളവിൽ മരിച്ചിരുന്നു. 2022 ൽ കേസിലെ എല്ലാവരെയും കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ മഹാരാഷട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് മോചനം നീണ്ടു പോയത്.
ഹൈക്കോടതിയുടെ നാഗ്‌പുർ ബെഞ്ച് വീണ്ടും വാദം കെട്ടാണ് സായിബാബയടക്കമുള്ളവരെ വെറുതെ വിട്ടത്. വിധി സ്റ്റേ ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു. 2014 മേയിലാണ് ഡൽഹി സർവകലാശാലയുടെ റാം ലാൽ ആനന്ദ് കോളജിൽ ഇംഗ്ലിഷ് അധ്യാപകനായിരുന്ന സായിബാബയെ ഡൽഹിയിലെ വസതിയിൽനിന്ന് മഹാരാഷ്ട്രയിലെ ഗഡ്‌ചിറോളി പൊലീസ് അറസ്റ്റ് ചെയ്‌തത്.
പിന്നാലെ അദ്ദേഹത്തെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്‌തു. 2017ലാണ് സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2021 മാർച്ചിൽ കോളജ് അദ്ദേഹത്തെ സർവീസിൽ നിന്ന് പുറത്താക്കി. പോളിയോ ബാധിച്ച് ശരീരത്തിന്‍റെ 90 ശതമാനവും തളർന്ന് ചക്രക്കസേരയുടെ സഹായത്തോടെ ജീവിക്കുന്ന സായിബാബ 2014ൽ അറസ്റ്റിലായതു മുതൽ നാഗ്പുർ സെൻട്രൽ ജയിലിലായിരുന്നു.
2022 ഒക്ടോബർ 14ന് ഇതേ കേസിൽ സായിബാബ ഉൾപ്പെട്ട പ്രതികളെ ഹൈക്കോടതി വിട്ടയച്ചു. മഹാരാഷ്‌ട്ര സർക്കാരിന്‍റെ അപ്പീൽ പിറ്റേന്നു തന്നെ സുപ്രീം കോടതി പ്രത്യേക സിറ്റിങ് നടത്തി പരിഗണിച്ചു. ഹൈക്കോടതിയുടെ വിധി നടപ്പാക്കുന്നതു തടഞ്ഞു. തുടർന്ന് കേസിൽ വിശദമായ വാദം കേട്ട ശേഷം ഹൈക്കോടതിയുടെ വിധി റദ്ദാക്കി.
കേസ് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ആദ്യം മുതൽ പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. സുപ്രീം കോടതിയുടെ നിർദേശപ്രകാരം വീണ്ടും വാദം കേട്ടാണ് ഹൈക്കോടതി പ്രതികളെ മാർച്ച് അഞ്ചിന് വീണ്ടും കുറ്റവിമുക്തരാക്കിയത്.