ഗൊരഖ്‌പൂർ : സ്‌ത്രീ സൗന്ദര്യത്തോടൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന കമ്മലുകള്‍ നിര്‍മിച്ച് ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ ഒരു കൂട്ടം എഞ്ചിനീയറിംഗ് വിദ്യാർത്ഥിനികൾ. ഒരേ സമയം അഴക് വര്‍ധിപ്പിക്കാനും ആയുധമാക്കാനും കഴിയും ഈ കമ്മലുകളെ. അടിയന്തര സാഹചര്യത്തില്‍ കോള്‍ ചെയ്യാനും ലൊക്കേഷന്‍ അയക്കാനുമുള്ള സംവിധാനം കമ്മലിലുണ്ട്. പെപ്പര്‍ ബുള്ളറ്റും ചില്ലി ബുള്ളറ്റും കമ്മലിലൂടെ പ്രവര്‍ത്തിക്കും എന്നതാണ് പ്രധാന സവിശേഷത.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്‍റിലെ (ഐടിഎം) ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വിഭാഗം ഒന്നാം വർഷ വിദ്യാർഥിനികളാണ് ഈ 'ബ്ലൂടൂത്ത് ഝുംക' രൂപകൽപന ചെയ്‌തത്. ഇന്നവേഷൻ സെൽ കോർഡിനേറ്റർ വിനീത് റായിയുടെ നേതൃത്വത്തിൽ രണ്ടാഴ്‌ച കൊണ്ടാണ് കമ്മലുകൾ വികസിപ്പിച്ചത്.
കമ്മലുകൾ സാധാരണ ആഭരണം പോലെ ധരിച്ച് ബ്ലൂടൂത്ത് ഇയർബഡ് ആയി ഉപയോഗിക്കാം. അടിയന്തര ഘട്ടത്തില്‍ ആയുധമായി പ്രവർത്തിക്കുമെന്നും വിദ്യാർഥികളായ അഫ്രീൻ ഖാത്തൂൻ, ഉമ്മേ ഹബീബ, റിയ സിങ്, ഫയാ നൂറി എന്നിവർ പറഞ്ഞു. പൊലീസിനും കുടുംബത്തിനും ലൊക്കേഷൻ അയയ്‌ക്കുന്നതിനൊപ്പം അടിയന്തര കോളുകൾ ചെയ്യാനും 'ഝുംക' സഹായിക്കും. ഇത് സ്‌ത്രീകളെ അവര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ നിന്നും പീഡനങ്ങളിൽ നിന്നും സംരക്ഷിക്കുമെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.
ഝുംകയിൽ രണ്ട് പാനിക് ബട്ടണുകൾ ഉണ്ട്. മൂന്ന് എമർജൻസി നമ്പറുകൾ ഇതിൽ നൽകാം. പാനിക് ബട്ടണുകളിലൊന്ന് അടിയന്തര നമ്പറുകളിലേക്ക് കോളുകളും ലൊക്കേഷനും അയക്കും മറ്റേ ബട്ടൺ പെപ്പര്‍ സ്പ്രേയും ചില്ലി ബുള്ളറ്റുകളും പ്രയോഗിക്കും. ഫയറിംഗ് ബട്ടൺ അമർത്തിയ ഉടൻ അക്രമികളെ തുരത്താൻ ചുവന്ന മുളകും കുരുമുളകും ബുള്ളറ്റുകളായി പുറത്തേക്ക് തെറിക്കും. പൊലീസോ കുടുംബാംഗങ്ങളോ സഹായത്തിനെത്തുന്നത് വരെ ഝുംക ഉപയോഗിച്ച് സ്വയ രക്ഷ നേടാമെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. 35 ഗ്രാം ഭാരമുള്ള ഝുംകയ്ക്ക് 1650 രൂപയാണ് വില.
ബ്ലൂടൂത്ത് മൊഡ്യൂളിനൊപ്പം ബാറ്ററിയും രണ്ട് സ്വിച്ചുകളും സ്റ്റീൽ പൈപ്പും ഝുംകയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഐടിഎം ഡയറക്‌ടര്‍ ഡോ എൻ കെ സിംഗ്, സെക്രട്ടറി അനുജ് അഗർവാൾ എന്നിവർ വിദ്യാർത്ഥികളുടെ നൂതന ആശയത്തെ അഭിനന്ദിച്ചു.