ചെന്നെെ: കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തിൽ മരണസംഖ്യ 56 ആയി ഉയർന്നു. തമിഴ്‌നാട്ടിലെ നാല് ആശുപത്രികളിലായി 155 പേര്‍ ഇപ്പോഴും ചികിസയിലാണ്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും ചികിത്സയിലുള്ളവർക്ക് 50,000 രൂപ വീതവും നഷ്‌ടപരിഹാരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു.
സംഭവത്തെ തുടർന്ന് കഴിഞ്ഞ ദിവസം ജുഡീഷ്യൽ അന്വേഷണത്തിന് തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടിരുന്നു. വിരമിച്ച മദ്രാസ് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ബി ഗോകുൽദാസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശം നൽകി.
പോണ്ടിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്, വിഴുപുരം മെഡിക്കൽ കോളേജ്, കള്ളക്കുറിച്ചി മെഡിക്കൽ കോളജ്, സേലം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് ചികിത്സയിലുള്ളവര്‍ കഴിയുന്നത്.
മദ്യ ദുരന്തത്തിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകർ ഇന്നലെ പ്രകടനം നടത്തി. ദേശീയ പട്ടികജാതി കമ്മിഷൻ ഡയറക്‌ടർ എസ് രവിവർമൻ കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിച്ചു. അതേസമയം സംഭവത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്‌തതായി കള്ളക്കുറിച്ചി കലക്‌ടർ അറിയിച്ചു.