ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കുല്‍ഗാമില്‍ നിന്നുള്ള ഏക സിപിഐഎം സ്ഥാന്‍ഥി മുഹമ്മദ് യൂസഫ് തരിഗാമി ഉജ്ജ്വല ജയം സ്വന്തമാക്കി. 8000 ത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തരിഗാമി വിജയിച്ചത്. ജമാ അത്തെ ഇസ്‌ലാമി സ്ഥാനാർഥി സയാർ അഹമ്മദ് റേഷിയെയാണ് സിപിഎം സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത്. ആകെ 32000 ത്തില്‍ അധികം വോട്ടുകള്‍ തരിഗാമി നേടിയപ്പോള്‍, 25000 ത്തിന് അടുത്ത് വോട്ടാണ് സയാര്‍ അഹമ്മദ് സ്വന്തമാക്കിയത്. 3 -ാം സ്ഥാനത്തുള്ള പിഡിപി സ്ഥാനാര്‍ഥി മൊഹ്‌ദ് അമിന്‍ ധറിന് വെറും 7200 ഓളം വോട്ടുകള്‍ മാത്രമാണ് ആകെ നേടാനായത്.
2014 ലും 2019 ലും തരിഗാമി 20574, 17175 വോട്ടുകള്‍ വീതം നേടിയാണ് ജെകെപിഡിപിയുടെ നസീര്‍ അഹമ്മദ് ലവെയെ കുല്‍ഗാമില്‍ തറപറ്റിച്ചത്. ഇത്തവണ ഭൂരിപക്ഷം കുറഞ്ഞെങ്കിലും 8000 ത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ചെങ്കോട്ട നിലനിര്‍ത്താൻ തരിഗാമിക്ക് കഴിഞ്ഞു. 1996 ല്‍ ആദ്യമായി കുല്‍ഗാമില്‍ ചെങ്കൊടി പാറുമ്പോള്‍ 16166 എന്ന റെക്കോര്‍ഡ് വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കാൻ തരിഗാമിക്ക് കഴിഞ്ഞിരുന്നു. 1996 ന് ശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷത്തില്‍ വലിയ ഇടിവുകളുണ്ടായിരുന്നുവെങ്കിലും കശ്‌മീരിലെ ഏക സിപിഎം എംഎല്‍എയെ താഴെയിറക്കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞിരുന്നില്ല.
Kulgamm, J&K: In a historic fifth consecutive win comrade Md. Yousuf Tarigami keeps the red flag of the CPI(M) flying high!
— CPI (M) (@cpimspeak) October 8, 2024
He defeated his nearest rival supported by the Jamaat-e-Islami and a host of other reactionary organisations by over 8,000 votes.
Congratulations and Red… pic.twitter.com/cNC3yKfPmZ
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിപിഎമ്മിന്‍റെ ഉറച്ച കോട്ടയാണ് കുല്‍ഗാം. സിപിഎമ്മിന്‍റെ കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ് തരിഗാമി. 1996 മുതല്‍ തരിഗാമിയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. പിഡിപി, ജമ്മു കശ്‌മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ്, അപ്‌നി പാര്‍ട്ടി എന്നീ കക്ഷികളില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ തരിഗാമിക്ക് പ്രതിരോധം തീര്‍ക്കാനായി രംഗത്ത് ഉണ്ടായിരുന്നു.
കര്‍ഷക കുടുംബത്തില്‍ നിന്ന് സമര പോരാട്ട രാഷ്‌ട്രീയ ജീവിതത്തിലേക്ക്
1949 ല്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച, കശ്‌മീരിലെ കര്‍ഷക തൊഴിലാളി സമരങ്ങളുടെ നേതാവാണ് 73 കാരനായ തരിഗാമി. സമരങ്ങളുടെ ഭാഗമായി തരിഗാമിക്ക് പലതവണ ജയില്‍വാസവും അനുഷ്‌ഠിക്കേണ്ടി വന്നിട്ടുണ്ട്. 1979 ൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയുടെ വധശിക്ഷയ്ക്ക് പിന്നാലെ കശ്‌മീരിൽ കലാപം ഉണ്ടായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഷെയ്ഖ് അബ്‌ദുള്ള ആദ്യം തരിഗാമിയെയും മാര്‍കിസ്‌റ്റുകളെയും ലക്ഷ്യം വച്ചിരുന്നു. ചെറുപ്പം മുതല്‍ ജയില്‍വാസം അനുഭവിക്കേണ്ടി വന്ന നേതാവ് കൂടിയാണ് തരിഗാമി.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ, തരിഗാമിയെ ശ്രീനഗറിൽ 35 ദിവസത്തേക്ക് വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു. 2019 ഓഗസ്‌റ്റിൽ മുഹമ്മദ് യൂസഫ് തരിഗാമിയുടെ മോചനത്തിനായി അന്നത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2019 സെപ്റ്റംബർ 5 ലെ സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് വൈദ്യ പരിചരണത്തിനായി തരിഗാമിയെ ന്യൂ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി. പിന്നീട് അദ്ദേഹത്തെ കശ്‌മീരിലേക്ക് സ്വതന്ത്രമായി മടങ്ങാൻ സുപ്രീം കോടതി അനുവദിച്ചിരുന്നു. ഇതിനുപിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തരിഗാമി രംഗത്തെത്തിയിരുന്നു.
Read Also: 'ഹരിയാന തെരഞ്ഞെടുപ്പ് ഫലം വൈകുന്നു, ബിജെപി അട്ടിമറി സംശയിക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോണ്‍ഗ്രസ്