കൃഷ്‌ണ(ആന്ധ്രാപ്രദേശ്): അന്തരിച്ച ഈനാടു ചെയര്‍മാന്‍ പദ്‌മ വിഭൂഷണ്‍ റാമോജി റാവുവിന് സംസ്ഥാന തലത്തില്‍ ആദരമര്‍പ്പിക്കാനുള്ള പരിപാടിയുടെ ഒരുക്കങ്ങള്‍ ആന്ധ്രാപ്രദേശില്‍ പുരോഗമിക്കുന്നു. വിപുലമായ പരിപാടിയായാണ് അനുസ്‌മരണം ഒരുക്കുന്നത്. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് രണ്ട് സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ആദ്യ സമിതിയില്‍ അഞ്ച് മന്ത്രിമാരുണ്ട്. കെ പാര്‍ത്ഥ സാരഥി, നഡേന്ത്‌ല മനോഹര്‍, സത്യകുമാര്‍, കൊല്ലു രവീന്ദ്ര, നിര്‍മ്മല രാമനായിഡു എന്നിവരാണ് ഈ സമിതിയിലുള്ളത്.
സമാന്തരമായി കമ്മീഷണര്‍ കടമ ഭാസ്‌കര്‍ അടക്കമുള്ള പന്ത്രണ്ട് ഉദ്യോഗസ്ഥരടങ്ങിയ ഒരു സംഘത്തെയും മന്ത്രിമാരെ സഹായിക്കാനായി ക്യാപിറ്റല്‍ റീജിയണ്‍ ഡെവലപ്പ്മെന്‍റ് അതോറിറ്റിയും രൂപീകരിച്ചിട്ടുണ്ട്. പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ഒരു പുനപ്പരിശോധന യോഗം ചേര്‍ന്നിരുന്നു. ഏഴായിരം പ്രത്യേക ക്ഷണിതാക്കളാണ് പരിപാടിയില്‍ പങ്കെടുക്കുക.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, റാമോജി റാവുവിന്‍റെ കുടുംബാംഗങ്ങള്‍, കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രിമാര്‍, എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രതിനിധികള്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ അണിനിരക്കും. കര്‍ഷകര്‍, കവികള്‍, കലാകാരന്‍മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരും പരിപാടിയില്‍ അണിനിരക്കും. ജീവിതത്തിന്‍റെ നാനാതുറകളിലുള്ളവര്‍ മാധ്യമ അതികായനെ ആദരിക്കും. അതിഥികളെ തിരിച്ചറിയാനായി സംഘാടകര്‍ പാസ് നല്‍കും. നാട്ടുകാര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടാകും. വാഹന പാര്‍ക്കിഗ്, ഗാലറി തുടങ്ങിയ ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.
റാമോജി റാവുവിന്‍റെ ജീവിതത്തെയും നേട്ടങ്ങളെയും ആസ്‌പദമാക്കി തയാറാക്കിയ ഒരു ലഘുചിത്രവും പരിപാടിയില്‍ പ്രദര്‍ശിപ്പിക്കും. മാധ്യമ മേഖലയ്ക്കും പൊതുസമൂഹത്തിനും നല്‍കിയ സംഭാവനകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അനുസ്‌രമണത്തോടൊപ്പം ജീവിതത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ളവർ റാമോജിക്ക് നല്‍കുന്ന ഹൃദയാഞ്ജലി കൂടിയാകും പരിപാടി.
ജൂൺ എട്ടിന് പുലര്‍ച്ചെ ആയിരുന്നു റാമോജി റാവുവിന്‍റെ അന്ത്യം. ദീര്ഘകാലമായി അസുഖ ബാധിതനായിരുന്നു. കുറച്ച് കാലമായി പൂര്‍ണമായും വിശ്രമത്തിലായിരുന്നു. റാമോജി റാവുവിന്‍റെ അന്ത്യകർമ്മങ്ങൾ സംസ്ഥാന ബഹുമതികളോടെയാണ് തെലങ്കാന സർക്കാർ നടത്തിയത്. സംസ്‌കാര ചടങ്ങുകള്‍ കഴിയുന്നതുവരെ സർക്കാരിന്‍റെ ഔപചാരികമായ ചടങ്ങുകളൊന്നും നടത്തിയില്ല. റാമോജി റാവുവിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയിരുന്നു. ആന്ധ്രാപ്രദേശില്‍ രണ്ട് ദിവസം ദുഃഖാചരണം നടത്തി. കേന്ദ്ര മന്ത്രിമാര്‍, ചലച്ചിത്രമേഖലയില്‍ നിന്നടക്കമുള്ളമുള്ള പ്രമുഖര്‍ തുടങ്ങിയവര്‍ റാമോജിക്ക് ആദരമര്‍പ്പിക്കന്‍ എത്തിയിരുന്നു. റാമോജി ഫിലിം സിറ്റിയിലെ സ്‌മൃതിവനത്തിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.