ലഖ്‌നൗ (ഉത്തർപ്രദേശ്) : 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്‌ച (മെയ് 20) രാവിലെ 49 പാർലമെന്‍റ് മണ്ഡലങ്ങളിലായി ആരംഭിച്ചു. ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മായാവതി ലഖ്‌നൗവിൽ വോട്ട് രേഖപ്പെടുത്തി. മാധ്യമങ്ങളുമായി സംവദിക്കുമ്പോൾ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും മുൻഗണന നൽകണമെന്ന് എല്ലാ രാഷ്‌ട്രീയ പാർട്ടികളോടും അവർ അഭ്യർഥിച്ചു.
ലഖ്‌നൗവിൽ വോട്ട് ചെയ്‌ത ആദ്യ രാഷ്‌ട്രീയ നേതാക്കളിൽ ഒരാളാണ് മായാവതി. രാവിലെ ഏഴ് മണിയോടെയാണ് മായാവതി പോളിങ് ബൂത്തിലെത്തിയത്.
'എല്ലാവരോടും വോട്ട് ചെയ്യാൻ ഞാൻ അഭ്യർഥിക്കുന്നു. എല്ലാ രാഷ്‌ട്രീയ പാർട്ടികളോടും വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും മുൻഗണന നൽകണമെന്നും ഞാൻ അഭ്യർഥിക്കുന്നു. ബിജെപിയായാലും കോൺഗ്രസായാലും സർക്കാർ രൂപീകരിക്കുമെന്ന് എല്ലാ പാർട്ടികളും പറയുന്നുണ്ടെങ്കിലും ഫലം പ്രഖ്യാപിക്കുമ്പോൾ എല്ലാം വ്യക്തമാകുമെ'ന്നും മായാവതി കൂട്ടിച്ചേർത്തു.
ഈ തെരഞ്ഞെടുപ്പിൽ ഒരു മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് 'ഇത്തവണ അധികാരത്തിൽ ഒരു മാറ്റമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പൊതുജനങ്ങൾ നിശബ്‌ദരാണെന്നും അവരെ എനിക്ക് മനസിലാക്കാൻ കഴിയുമെ'ന്നും മായാവതി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ബിഎസ്‌പി ഒരു പാർട്ടിയുമായും സഖ്യമുണ്ടാക്കിയിട്ടില്ല. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ, പാർട്ടി സമാജ്‌വാദി പാർട്ടിയുമായി കൈകോർത്തിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടരും, അവസാന സമയത്ത് വരിയിൽ നിൽക്കുന്നവർക്ക് അതിന് ശേഷവും വോട്ട് ചെയ്യാൻ അനുമതിയുണ്ട്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) പറയുന്നതനുസരിച്ച്, ഒഡിഷ നിയമസഭയിലെ 35 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും തിങ്കളാഴ്‌ച നടക്കും. 4.69 കോടി പുരുഷന്മാരും 4.26 കോടി സ്‌ത്രീകളും 5409 ട്രാന്‍സ്‌ജെന്‍ഡറുകളും ഉൾപ്പെടെ 8.95 കോടി വോട്ടർമാരാണ് അഞ്ചാം ഘട്ട വോട്ടെടുപ്പിൽ 695 സ്ഥാനാർഥികളുടെ വിധി നിർണയിക്കുക.
അഞ്ചാംഘട്ടത്തിൽ വിവിധ മണ്ഡലങ്ങളിൽ പ്രധാന മത്സരങ്ങൾ നടക്കും. രാഹുൽ ഗാന്ധി, ബിജെപി നേതാക്കളായ രാജ്‌നാഥ് സിങ്, സ്‌മൃതി ഇറാനി, രാജീവ് പ്രതാപ് റൂഡി, പിയൂഷ് ഗോയൽ, ഉജ്ജ്വൽ നികം, കരൺ ഭൂഷൺ സിങ്, എൽജെപി (രാംവിലാസ്) തലവൻ ചിരാഗ് പാസ്വാൻ, ജെകെഎൻസി മേധാവി ഒമർ അബ്‌ദുള്ള, ആർജെഡി നേതാവ് രോഹിണി ആചാര്യ തുടങ്ങിയ നേതാക്കളാണ് തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന പ്രമുഖര്‍. ബിഹാർ, ജമ്മു കശ്‌മീർ, ലഡാക്ക്, ജാർഖണ്ഡ്, മഹാരാഷ്‌ട്ര, ഒഡിഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് അഞ്ചാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
മുംബൈ, താനെ, ലഖ്‌നൗ തുടങ്ങിയ നഗരങ്ങൾ ഈ ഘട്ടത്തിലാണ് പോളിങ് രേഖപ്പെടുത്തുന്നത്. മുൻകാലങ്ങളിൽ ഇവിടെ വോട്ടിങിങിൽ അനാസ്ഥ അനുഭവപ്പെട്ടിരുന്നു. 49 ലോക്‌സഭ സീറ്റുകളിൽ ഉത്തർപ്രദേശിൽ നിന്നും 14 സീറ്റും, മഹാരാഷ്‌ട്രയിൽ നിന്നും13 സീറ്റും, പശ്ചിമ ബംഗാളിൽ നിന്നും 7 സീറ്റും, ബിഹാറിൽ നിന്നും 5 സീറ്റും, ജാർഖണ്ഡിൽ നിന്നും 3 സീറ്റും ഒഡിഷയിൽ നിന്നും 5 സീറ്റും, ജമ്മു കശ്‌മീരിൽ നിന്നും ലഡാക്കിൽ നിന്നും ഓരോ സീറ്റ് വീതവുമാണുള്ളത്. വോട്ടർമാർക്ക് സമാധാന അന്തരീക്ഷം സൃഷ്‌ടിക്കുന്നതിനായി 94,732 പോളിങ് സ്‌റ്റേഷനുകളിലായി 2000 ഫ്ലയിങ് സ്‌ക്വാഡുകളും 2105 സ്‌റ്റാറ്റിക് സർവെയ്‌ലൻസ് ടീമുകളും 881 വീഡിയോ നിരീക്ഷണ ടീമുകളും 502 വീഡിയോ വ്യൂവിങ് ടീമുകളും രാപ്പകൽ നിരീക്ഷണത്തിലാണ്.