ന്യൂഡല്‍ഹി : വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (TMC) 42 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയേയും കടന്നാക്രമിച്ച് ബിജെപി (BJP criticism on Congress in TMC candidate declaration). സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും 'കുടുംബം' നിരന്തരം നാശത്തിലാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു.
'അവരുടെ സഖ്യകക്ഷികള്‍ അവരെ നേതാക്കളായി അംഗീകരിക്കുന്നില്ല. അതാണ് ഇന്ത്യ സഖ്യം കൂടുതല്‍ തകരാന്‍ കാരണം.' -തരുണ്‍ ചുഗ് പറഞ്ഞു. എന്നാല്‍ എന്‍ഡിഎ പ്രധാനമന്ത്രി മോദിയ്‌ക്കൊപ്പം നില്‍ക്കുന്നു, അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നു. എന്‍ഡിഎയിലെ നേതാക്കള്‍ തങ്ങള്‍ മോദിയുടെ കുടുംബമാണെന്ന് കരുതുന്നു. അതിനാല്‍ എന്‍ഡിഎ നിരന്തരം വികസിക്കുകയാണ് എന്നും തരുണ്‍ ചുഗ് കൂട്ടിച്ചേര്‍ത്തു.
ടിഎംസി തങ്ങളുടെ ലോക്‌സഭ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തരുണ്‍ ചുഗ് പ്രതികരണവുമായി എത്തിയത്. ഇന്നലെ (മാര്‍ച്ച് 10) കൊല്‍ക്കത്തയില്‍ നടന്ന ശക്തിപ്രകടനത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. ഡയമണ്ട് ഹാര്‍ബറില്‍ നിന്ന് അഭിഷേക് ബാനര്‍ജി തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. അതേസമയം ബെഹ്‌റാംപൂര്‍ മണ്ഡലത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ ആണ് സ്ഥാനാര്‍ഥി.
കൃഷ്‌ണ നഗറില്‍ മഹുവ മൊയ്‌ത്രയാകും മത്സരിക്കുക. ചോദ്യത്തിന് കോഴ വാങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍ററി എത്തിക്‌സ് പാനല്‍ റിപ്പോര്‍ട്ട് പ്രകാരം ഇക്കഴിഞ്ഞ ഡിസംബര്‍ 8ന് മഹുവ മൊയ്‌ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതോടെ തൃണമൂലും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ഉടമ്പടിയില്‍ പ്രതീക്ഷകള്‍ അസ്‌തമിച്ചിരിക്കുകയാണ്. കോണ്‍ഗ്രസുമായി സമവായത്തില്‍ അല്ലെങ്കിലും തൃണമൂല്‍ ഇന്ത്യ സഖ്യത്തിലെ സഖ്യകക്ഷിയായി തുടരും.
ശക്തിപ്രകടനത്തോടെയാണ് ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമായത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത്. എന്നാല്‍ ബിജെപി 18 സീറ്റില്‍ ഒതുങ്ങി. രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസിന് തൃപ്‌തിപ്പെടേണ്ടി വന്നു.